ADVERTISEMENT

ജയ്പുർ / ന്യൂഡൽഹി ∙ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിനു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ കേസ്. ഗൂഢാലോചനയ്ക്കു പുറമേ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്. റിബൽ എംഎൽഎ ബൻവർലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവരും പ്രതികളാണ്. അട്ടിമറി നീക്കം അന്വേഷിക്കുന്ന സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) സഞ്ജയിനെ കസ്റ്റഡിയിലെടുത്തു.

വൈകിട്ട് 6 മണിയോടെ സച്ചിൻ പക്ഷ എംഎൽഎമാ‍ർ തങ്ങുന്ന ഹരിയാനയിലെ മനേസറിലുള്ള ഹോട്ടലിൽ ചോദ്യം ചെയ്യാൻ എത്തിയ രാജസ്ഥാൻ പൊലീസ് സംഘത്തെ ഹരിയാന പൊലീസ് തടഞ്ഞു. അര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് രാജസ്ഥാൻ സംഘത്തെ കടത്തിവിട്ടത്. എംഎൽഎമാരായ ബൻവർലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെ സംഘം ചോദ്യം ചെയ്തു. ബിജെപിയാണ് ഹരിയാനയിൽ ഭരണത്തിൽ. ഹോട്ടലിനു മുന്നിൽ ഹരിയാന പൊലീസിന്റെ വൻ ബന്തവസ്സുണ്ട്. ഇതോടെ വിഷയം സംസ്ഥാനാന്തരതർക്കവുമായി. ബൻവർലാലിനെയും മറ്റൊരു മുൻ മന്ത്രി വിശ്വേന്ദ്ര സിങ്ങിനെയും കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു.

അട്ടിമറിനീക്കവുമായി ഷെഖാവത്ത് അടക്കം നടത്തിയ ഫോൺ കോളുകളുടെ ശബ്ദരേഖകൾ വ്യാഴാഴ്ച രാത്രി പുറത്തുവന്നിരുന്നു. ഇവയിൽ പാർട്ടി മാറുന്നതിനു പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമെന്നും ഗജേന്ദ്രസിങ് പറഞ്ഞു.

ഇതിനിടെ, കൂറുമാറ്റ നിരോധന നിയമപ്രകാരം സച്ചിൻ പൈലറ്റടക്കം 19 കോൺഗ്രസ് റിബൽ എംഎൽഎമാർക്കെതിരെ നടപടി എടുക്കുന്നത് ചൊവ്വാഴ്ച 5 വരെ മാറ്റിവയ്ക്കാൻ രാജസ്ഥാൻ ഹൈക്കോടതി നിയമസഭാ സ്പീക്കർക്കു നിർദേശം നൽകി. സ്പീക്കറുടെ നോട്ടിസിനെതിരെ വിമതർ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വാദം തുടരുന്നതിനാലാണ് ഈ നിർദേശം. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽനിന്ന് 2 തവണ വിട്ടുനിന്നതിന്റെ പേരിൽ നൽകിയ നോട്ടിസിന് ഇന്നലെ വൈകുന്നേരം അഞ്ചിനകം മറുപടി നൽകണമെന്നായിരുന്നു സ്പീക്കർ സി.പി.ജോഷി ആവശ്യപ്പെട്ടിരുന്നത്.

ഇതിനിടെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ പോരാട്ടത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കെത്തന്നെ, കോൺഗ്രസ് ദേശീയ നേതൃത്വത്തെ അനുരഞ്ജന സാധ്യത തേടി സച്ചിൻ ബന്ധപ്പെട്ടു. മുതിർന്ന നേതാവ് പി. ചിദംബരത്തെ ഫോണിൽ വിളിച്ച സച്ചിൻ, ഭാവി രാഷ്ട്രീയ നീക്കം സംബന്ധിച്ച് ഉപദേശം തേടി. പ്രശ്നങ്ങൾ പറഞ്ഞുതീ‍ർക്കാനുള്ള ഹൈക്കമാൻഡിന്റെ പരസ്യ ക്ഷണം പാഴാക്കരുതെന്ന് ചിദംബരം ഉപദേശിച്ചു.

പദവികളിൽ നിന്നു നീക്കി കോൺഗ്രസ് വരിഞ്ഞുമുറുക്കിയതോടെയാണ് അനുനയ വഴിയിലേക്കു സച്ചിനെത്തിയത്. സർക്കാരിനെ വീഴ്ത്താൻ ബിജെപിയുമായി സച്ചിൻ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും അതിനുള്ള ശിക്ഷയെന്ന നിലയിലാണു പദവികളിൽ നിന്നു നീക്കിയതെന്നും കോൺഗ്രസ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. എന്നാൽ, തെറ്റുതിരുത്തി തിരികെ വരികയാണെങ്കിൽ മാന്യമായ രീതിയിൽ സ്വീകരിക്കും.

English Summary: Case registered against Union Minister Gajendra Singh Shekhawat for attempt to topple Rajasthan government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com