ADVERTISEMENT

ന്യൂഡൽഹി ∙ ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും. അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തിൽ നിന്നു വിമാനങ്ങൾ രാവിലെ പുറപ്പെടും. പാക്ക് വ്യോമപാത ഒഴിവാക്കിയാകും സഞ്ചാരം. ആകെ ദൂരം 2700 കിലോമീറ്റർ.

തിങ്കളാഴ്ച രാത്രി അബുദാബിയിലെത്തിയ വിമാനങ്ങൾ ഇന്നലെ അവിടെ തങ്ങി. അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണു വിമാനങ്ങൾ പറപ്പിക്കുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്.

ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. ഇന്ന് അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളാകും ഇന്ധനം നിറയ്ക്കുക.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തും. സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയ വിമാനങ്ങൾ സ്വീകരിക്കാനുള്ള അപൂർവ ഭാഗ്യവും അദ്ദേഹത്തിനു ലഭിക്കും. റഫാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ ടെയിൽ നമ്പറിൽ (വിമാനത്തിന്റെ വാലിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ നമ്പർ) അദ്ദേഹത്തിന്റെ പേരിലെ രണ്ടക്ഷരങ്ങൾ ചേർത്ത് ‘ആർബി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളിപ്പെരുമ

റഫാൽ വിമാനങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നതു മലയാളി. പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയർ മാർഷൽ ബി.സുരേഷിന്റെ നേതൃത്വത്തിലാണ് അംബാലയിൽ താവളം സജ്ജമാക്കിയത്. പടിഞ്ഞാറൻ കമാൻഡിന്റെ കീഴിലാണ് അംബാല താവളം.

റഫാൽ വാങ്ങുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ സേന മുൻപു നടത്തിയ പരിശീലനപ്പറക്കലിനു നേതൃത്വം നൽകിയതും മലയാളിയാണ് – പടിഞ്ഞാറൻ കമാൻഡ് മുൻ മേധാവിയും കണ്ണൂർ സ്വദേശിയുമായ എയർ മാർഷൽ (റിട്ട.) രഘുനാഥ് നമ്പ്യാർ.

ടാങ്കർ വിമാനത്തോടൊപ്പം വേഗം കുറച്ച്

ന്യൂഡൽഹി ∙ മണിക്കൂറിൽ 1380 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുന്ന റഫാൽ വിമാനം ഇന്ത്യയിലെത്താൻ 3 ദിവസമെടുക്കുന്നത് എന്തുകൊണ്ട്? 

ഫ്രാൻസിൽ നിന്നുള്ള ആകാശദൂരം 7000 കിലോമീറ്റർ ആണെന്നിരിക്കെ, പരമാവധി വേഗമാർജിച്ചു പറന്നാൽ 5 മണിക്കൂർ കൊണ്ട് ഇന്ത്യയിലെത്താം. എന്നാൽ, ഇത്തരം ദീർഘദൂര യാത്രകളിൽ യുദ്ധവിമാനങ്ങൾ പരമാവധി വേഗമെടുക്കില്ല. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ അനുഗമിക്കുന്ന ടാങ്കർ വിമാനത്തിനൊപ്പം വേഗം കുറച്ചാണു പറക്കുക.

ഫ്രാൻസിൽ നിന്ന് അബുദാബിയിലേക്കുള്ള 4500 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂറിലാണു റഫാൽ പറന്നെത്തിയത്. സമയക്രമത്തിലുള്ള മാറ്റത്തോടു പൊരുത്തപ്പെടാനാണ് അബുദാബിയിൽ ഒരു ദിവസത്തെ പൂർണവിശ്രമം പൈലറ്റുമാർക്ക് അനുവദിച്ചത്. അവിടെ കോവിഡ് പരിശോധനയ്ക്കും അവരെ വിധേയരാക്കി.

യാത്രാവിമാനങ്ങളെ അപേക്ഷിച്ചു യുദ്ധവിമാനങ്ങളുടെ ഇന്ധന സംഭരണശേഷി വളരെ കുറവാണ്. റഫാലിന്റെ ഇന്ധനശേഷി ഏകദേശം 5000 ലീറ്ററാണ്. ബോയിങ് 747 യാത്രാവിമാനത്തിന്റേത് 2.38 ലക്ഷം ലീറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com