ADVERTISEMENT

ന്യൂഡൽഹി ∙ സംഘർഷം തുടരുന്ന ഇന്ത്യ – ചൈന അതിർത്തിയിൽ 35,000 സൈനികരെക്കൂടി വിന്യസിക്കാൻ കരസേന നടപടിയാരംഭിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ കടന്നുകയറിയ ചിലയിടങ്ങളിൽ നിന്നു പൂർണമായി പിന്മാറാൻ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തിലാണിത്. സംഘർഷം നീളാനുള്ള സാധ്യത മുന്നിൽക്കണ്ടാണു സേനാബലം വർധിപ്പിക്കുന്നത്.

നിലവിൽ, 3 ഡിവിഷനുകളിലുൾപ്പെട്ട 40,000 സൈനികരാണ് അതിർത്തിയിലുള്ളത്. ഇതിൽ ഒരു വിഭാഗത്തെ പിൻവലിച്ച ശേഷം കൂടുതൽ പേരെ എത്തിക്കും.

അതിർത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും പിന്മാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞതു ശരിയല്ലെന്നു സേനാവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ പിന്മാറിയിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിന് ഇരു സേനാ കമാൻഡർമാരും വീണ്ടും കൂടിക്കാണും.

ഗൽവാനിൽ വീരമൃത്യു വരിച്ചവരുടെ പേര് യുദ്ധസ്മാരകത്തിലേക്ക്

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാനിൽ ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച 20 ഭടന്മാരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ രേഖപ്പെടുത്തുന്നതിനു പ്രതിരോധ മന്ത്രാലയം നടപടി ആരംഭിച്ചു. 

കഴിഞ്ഞ ജൂൺ 15നു രാത്രി കേണൽ ബി.സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികരാണു ചൈനീസ് സേനയുടെ ക്രൂര ആക്രമണത്തിനിരയായത്.

പിന്മാറ്റം പൂർത്തിയായിട്ടില്ല: കേന്ദ്രം

ന്യൂഡൽഹി ∙ അതിർത്തിയിലെ സേനാ പിന്മാറ്റ നടപടികളിൽ പുരോഗതിയുണ്ടെങ്കിലും പൂർത്തിയായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഭൂരിഭാഗം സ്ഥലങ്ങളിലും പിന്മാറ്റം നടന്നുവെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഖണ്ഡിച്ചാണ് ഇന്ത്യയുടെ പ്രതികരണം. 

നടപടികളിൽ ഇന്ത്യയോടു ചൈന ആത്മാർഥമായി സഹകരിക്കുമെന്നാണു പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

റഫാൽ ആയുധസജ്ജമാക്കാൻ നടപടികളുമായി വ്യോമസേന

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാനങ്ങൾ പൂർണ ആയുധസജ്ജമാക്കാനുള്ള നടപടികൾ വ്യോമസേനാ എൻജിനീയർമാർ ആരംഭിച്ചു. ഫ്രാൻസിൽ നിന്നു നേരത്തേയെത്തിച്ച മിസൈലുകൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള 5 റഫാലുകളിൽ വൈകാതെ ഘടിപ്പിക്കും. തുടർന്ന് പരിശീലനപ്പറക്കലിനു ശേഷം ഏതാനും മാസങ്ങൾക്കകം ദൗത്യങ്ങൾക്കായി സജ്ജമാക്കുമെന്നു സേനാവൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഉയർന്ന സ്ഥലങ്ങളിൽ നിന്നു പറന്നുയരാനുള്ള സവിശേഷത, പൈലറ്റിന്റെ ഹെൽമറ്റിലെ പ്രത്യേക നിരീക്ഷണ സംവിധാനം (ഇസ്രയേൽ നിർമിതം) എന്നിവയുൾപ്പെടെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഏതാനും സംവിധാനങ്ങൾ 2022 ആദ്യമാകും റഫാലിൽ സജ്ജമാക്കുക. ഫ്രാൻസിൽ നിന്നു വാങ്ങുന്ന 36 വിമാനങ്ങളും ലഭിച്ച ശേഷമാകുമിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com