ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം യുപിഎ സർക്കാരിനെതിരെ വിമർശനമുന്നയിച്ച പാർട്ടിയിലെ യുവനിരയ്ക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ അമർഷം. കോൺഗ്രസിനുള്ളിലെ കാര്യങ്ങളെക്കുറിച്ചു വ്യക്തമായ വിവരങ്ങളില്ലാത്തവരാണു വിമർശനവുമായി രംഗത്തുവന്നിരിക്കുന്നതെന്നു മുതിർന്ന നേതാവും ലോക്സഭാംഗവുമായ മനീഷ് തിവാരി കുറ്റപ്പെടുത്തി.

‘2004–14 കാലയളവിൽ ബിജെപി അധികാരത്തിനു പുറത്തായിരുന്നു. ബിജെപി നേതാക്കൾ ഒരിക്കൽ പോലും അതിന് എ.ബി. വാജ്പേയിയെ കുറ്റപ്പെടുത്തിയില്ല. ബിജെപിക്കെതിരെ പോരാടുന്നതിനു പകരം ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ വിമർശിക്കാനാണു കോൺഗ്രസിലെ ചിലർക്കു താൽപര്യം ’ – രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന തിവാരി പറഞ്ഞു.

സോണിയ ഗാന്ധി വിളിച്ചുചേർത്ത രാജ്യസഭയിലെ കോൺഗ്രസ് എംപിമാരുടെ യോഗത്തിലാണ് നേതാക്കൾക്കിടയിൽ ഭിന്നസ്വരമുയർന്നത്. 

2009ൽ അധികാരത്തിലേറിയ രണ്ടാം യുപിഎ സർക്കാരിന്റെ പോരായ്മകളാണ് 2014ൽ 44 സീറ്റ് എന്ന ദയനീയ സ്ഥിതിയിലേക്കു പാർട്ടിയെ എത്തിച്ചതെന്നു യുവ എംപി രാജീവ് സതവ് വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനു പാർട്ടിയിലെ സമുന്നത നേതാവായ മൻമോഹനെ ലക്ഷ്യമിട്ടുള്ള വിമർശനം ഉചിതമായില്ലെന്ന നിലപാടിലാണു മുതിർന്ന നേതാക്കൾ.

അതേസമയം, എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല. പദവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ബിജെപിക്കെതിരെ രാഹുൽ നടത്തുന്ന രാഷ്ട്രീയ പോരാട്ടം ഗുണം ചെയ്യില്ലെന്നാണ് എംപിമാരുടെ വിലയിരുത്തൽ.

English Summary: Congress senior leaders criticize young leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com