രോഗിയാക്കി, പണമൂറ്റി; സുശാന്തിന്റെ മരണത്തിൽ സംശയമുനകൾ റിയയ്ക്കെതിരെ

Sushant Singh Rajput
സുശാന്ത് സിങ് രാജ്പുത്തും സഹോദരി ശ്വേത സിങ് കീർത്തിയും.
SHARE

മുംബൈ ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും കേസ് അന്വേഷണങ്ങളും ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തൽ.

സുശാന്തിന്റെ പിതാവ് ആരോപിക്കുന്നതുപോലൈ കാമുകി റിയ ചക്രവർത്തിയുടെയും കുടുംബാംഗങ്ങളുടെയും  ആവശ്യങ്ങൾക്കായാണു വലിയ തുക പിൻവലിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. റിയയുടെ സഹോദരൻ ഷൊവീക്കിന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. റിയയുടെയും ബന്ധുക്കളുടെയും വിമാന ടിക്കറ്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, ഷോപ്പിങ്, മേക്കപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കു പണമെടുത്തതായും കാണുന്നു. ജിഎസ്ടി ഇനത്തിൽ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്. റിയയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനു കേസെടുത്ത ഇഡി അവരെ ചോദ്യം ചെയ്തേക്കും.റിയയും ബന്ധുക്കളും 15 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.  

സുശാന്തിന്റെ അവസാന സിനിമ വരെ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടൻമാരെ ചോദ്യം ചെയ്യുമെന്ന് ബിഹാർ പൊലീസ് സംഘം അറിയിച്ചു.  റിയ ഫ്ലാറ്റിൽ ഇല്ലെങ്കിലും അവർ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.

rhea-chakraborty-sushant-singh-rajput-actor
റിയ ചക്രവർത്തി, സുശാന്ത് സിങ് രാജ്പുത്ത്, അങ്കിത ലോഖണ്ഡെ

അങ്കിതയും റിയയും നേർക്കുനേർ

സുശാന്തിന്റെ മുൻ കാമുകിമാർ നേർക്കുനേർ വന്നു കഴിഞ്ഞു. സംശയമുനകൾ റിയയ്ക്കെതിരെയാണ്. സുശാന്തിനെ ചതിക്കുകയായിരുന്നുവെന്ന് ആദ്യ കാമുകി അങ്കിത ലോഖണ്ഡെ പറയുന്നു.

റിയയ്ക്കു സംവിധായകൻ മഹേഷ് ഭട്ടിനോടുള്ള അടുപ്പവും പ്രശ്നങ്ങളുണ്ടാക്കിയെന്നു സൂചനയുണ്ട്. സുശാന്ത് വിഷാദരോഗിയായിരുന്നെന്നും മരുന്നു കഴിച്ചിരുന്നെന്നുമാണു റിയ പറയുന്നത്. നടന്റെ വീട്ടിൽ നിന്നു മരുന്നു കുറിപ്പടികളും കണ്ടെത്തിയിരുന്നു. ബിഹാർ പൊലീസ് സംഘത്തിനു സഞ്ചരിക്കാൻ തന്റെ ആഡംബര കാർ അങ്കിത വിട്ടുകൊടുത്തതും വാർത്തയായി.

ദൈവത്തിലും ജുഡീഷ്യറിയിലും എനിക്ക് വിശ്വാസമുണ്ട്. നീതി കിട്ടുക തന്നെ ചെയ്യും. സത്യം ജയിക്കട്ടെ

റിയ ചക്രവർത്തി

എനിക്കറിയുന്ന സുശാന്ത് വിഷാദരോഗിയല്ല. ആത്മഹത്യാ പ്രവണതയുള്ള ആളല്ല. ഭാവി പദ്ധതികളും ആഗ്രഹങ്ങളുമെല്ലാം കുറിച്ചുവയ്ക്കുന്നയാൾ. ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഞാൻ സുശാന്തിൽ കണ്ടിരുന്നത്

അങ്കിത ലോഖണ്ഡെ

‘എന്റെ സഹോദരന് തലതൊട്ടപ്പന്മാരില്ല’; പ്രധാനമന്ത്രി ഇടപെടണമെന്ന് സുശാന്തിന്റെ സഹോദരി

കേസന്വേഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കണമെന്ന് സുശാന്തിന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ് കീർത്തി ആവശ്യപ്പെട്ടു. ‘‘ഞങ്ങൾ ഒരു എളിയ കുടുംബത്തിൽ നിന്നുള്ളവരാണ്. എന്റെ സഹോദരനു ബോളിവുഡിൽ തലതൊട്ടപ്പന്മാരില്ല. ഇപ്പോഴും അങ്ങനെ ആരും ഞങ്ങൾക്കില്ല. കേസ് സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നും തെളിവുകളൊന്നും നശിപ്പിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ അങ്ങ് അടിയന്തരമായി ശ്രദ്ധിക്കണം–’’ അവർ പറയുന്നു.

Sushant Singh Rajput
ശ്വേത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സുശാന്തിന്റെ ‘ടൈം ടേബിള്‍’ ചിത്രം.

സഹോദരൻ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തന്നെ തയാറെടുക്കുകയായിരുന്നു എന്നു വ്യക്തമാക്കുന്ന ശ്വേതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സുശാന്ത് ജൂൺ 29 ലേക്കു തയാറാക്കിയിരുന്ന ‘ടൈം ടേബിളിന്റെ’ ചിത്രവും ഉണ്ട്. അന്നത്തെ വർക്ക്ഔട്ടിനും ധ്യാനത്തിനുമുള്ള പ്ലാനാണ് ഇതിൽ. ജൂൺ 14നാണു സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നേരറിയാൻ സിബിഐ വരുമോ?

നിലവിൽ മുംബൈ പൊലീസ്, ബിഹാർ പൊലീസ് എന്നിവയ്ക്കു പുറമേ, ഇഡിയും കേസിനു പിന്നാലെയുണ്ട്. നേരറിയാൻ സിബിഐ എത്തണമെന്ന വാദവും ശക്തം. ബോളിവുഡിലെ കിടമത്സരവും ലോബികളുടെ കൈകടത്തലും സ്വജനപക്ഷപാതവും നടന്റെ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചെന്ന നിഗമനത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണം നീങ്ങവെയാണ് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് കാമുകി റിയ ചക്രവർത്തിയുടെ രംഗപ്രവേശം. സംവിധായകരായ മഹേഷ് ഭട്ട്, സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവർ ഉൾപ്പെടെ 41 പേരെ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ചോദ്യം ചെയ്തു.

സിബിഐ അന്വേഷണത്തിന് പിന്തുണയേകി നിതീഷ് കുമാർ

സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടാൽ കേസ് അന്വേഷണം സിബിഐയ്ക്കു വിടാൻ ശുപാർശ ചെയ്യുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ വ്യക്തമാക്കി. കേസ് അന്വേഷിക്കാനുള്ള മുംബൈ പൊലീസിന്റെ മികവിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്് മഹാരാഷ്ട്ര ഗവർണറെ കണ്ട നടൻ ശേഖർ സുമൻ പറഞ്ഞു. എന്നാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് 45 ദിവസം കഴിഞ്ഞു. ആത്മഹത്യയാണെങ്കിൽ കേസ് അവസാനിപ്പിക്കണ്ടേ? സിബിഐ അന്വേഷണം നടന്നാൽ എന്താണ് കുഴപ്പമെന്നു തനിക്ക് മനസ്സിലാകുന്നില്ലെന്നും സുമൻ പറഞ്ഞു.

കേസ് രാഷ്ട്രീയവൽകരിക്കരിക്കുകയോ മഹാരാഷ്ട്രയും ബിഹാറും തമ്മിലുള്ള ഉരസലിന് ഇടയാക്കുകയോ ചെയ്യരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിച്ചിരുന്നു. ഇതിനിടെ, കൊലപാതകമാണെന്ന് ആരോപിച്ച ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. 

English Summary: Sushant Singh Rajput death followup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA