ADVERTISEMENT

ജയ്പുർ ∙ ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു തിരശീലയിട്ട് രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാർ വിശ്വാസ വോട്ടു നേടി. ശബ്ദവോട്ടോടെയാണ് നിയമസഭ വിശ്വാസ പ്രമേയം പാസാക്കിയത്. 200 അംഗ സഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുണ്ട്. സ്വതന്ത്രരും ചെറു പാർട്ടിക്കാരുമായി 18 പേരുടെ പിന്തുണയും. സർക്കാർ വിശ്വാസ പ്രമേയം അവതരിപ്പിച്ചതോടെ അവിശ്വാസത്തിനു നോട്ടിസ് നൽകാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചു. സഭ 21നു യോഗം ചേരാനായി പിരിഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ശക്തികൾക്കുള്ള സന്ദേശമാണ് വിശ്വാസവോട്ടിലൂടെ നൽകിയിരിക്കുന്നതെന്നു ഗെലോട്ട് പ്രതികരിച്ചു. വിശ്വാസ പ്രമേയം അവതരിപ്പിച്ച പാർലമെന്ററികാര്യ മന്ത്രി ശാന്തി ധാരിവാളും ബിജെപിയെ വിമർശിച്ചു. രാജസ്ഥാനിൽ എതെങ്കിലും ഷാ (രാജാവ്)യുടെയോ താനാഷാ (ഏകാധിപതി)യുടെയോ കളികൾ നടക്കില്ലെന്നു പ്രഖ്യാപിച്ചു. കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനു ബിജെപിയെ കുറ്റപ്പെടുത്തുകയാണെന്നു പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ ആക്ഷേപിച്ചു. കോൺഗ്രസിൽ ചേർന്ന 6 എംഎൽഎമാർക്കു ബിഎസ്പി വീണ്ടും വിപ്പ് നൽകിയെങ്കിലും അവർ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തു.

പിന്നിലെ സീറ്റ് പോരാളിയുടേത്: സച്ചിൻ

പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്നിട്ടും ശ്രദ്ധേയമായതു സച്ചിൻ പൈലറ്റിന്റെ പ്രസംഗം. ഉപമുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ അടുത്ത സീറ്റിലിരുന്ന സച്ചിനു രണ്ടാം നിരയിൽ സ്വതന്ത്രർക്കൊപ്പം പ്രതിപക്ഷ നിരയോടു ചേർന്ന സീറ്റാണ് ഇന്നലെ ലഭിച്ചത്. ബിജെപി ഉപനേതാവ് രാജേന്ദ്ര റാത്തോഡ് പ്രസംഗത്തിൽ പേരുപറഞ്ഞു പരാമർശിച്ചതോടെ ഇടപെട്ടു സംസാരിക്കാൻ സ്പീക്കർ സച്ചിനെ അനുവദിച്ചു.

‘‘മുന്നിലിരുന്ന എന്നെ എന്തിനാണു പ്രതിപക്ഷ നിരയോടു ചേർന്നുള്ള ഈ കോണിലേക്കു മാറ്റിയതെന്നു സഭയിൽ വന്നപ്പോൾ ചിന്തിച്ചിരുന്നു. പിന്നെ മനസ്സിലായി, ഇതാണ് അതിർത്തി; ഏറ്റവും ധീരരും ശക്തരുമായ പോരാളികളെയാണ് അതിർത്തിയിൽ നിയോഗിക്കുക. പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നു വെടിയുണ്ടയേൽക്കാനും ഏതു കടന്നുകയറ്റത്തേയും നേരിടാനും തയാറായുമാണു നിൽക്കുന്നത്’’ – സച്ചിന്റെ പ്രഖ്യാപനം നീണ്ട കയ്യോടിയോടെ ഭരണപക്ഷ അംഗങ്ങൾ സ്വാഗതം ചെയ്തു.

English Summary: Ashok Gehlot Wins Trust Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com