ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 32.80 ലക്ഷം കവിഞ്ഞു. ഇതിൽ 25.01 ലക്ഷം പേരുടെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. 60,163 പേർ മരിച്ചു. തിങ്കളാഴ്ച മാത്രം 67,151 പേർക്കാണു രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്. മരണം 1059.

പ്രണബിന്റെ നിലയിൽ  മാറ്റമില്ല

ന്യൂഡൽഹി ∙ വെന്റിലേറ്ററിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. കഴിഞ്ഞദിവസം വൃക്കസംബന്ധമായ പ്രശ്നങ്ങളും രൂപപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാൻ രണ്ടാഴ്ച മുൻപു ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബ് ഇപ്പോഴും അബോധാവസ്ഥയിലാണ്. കഴിഞ്ഞ 10നാണ് ആശുപത്രിയിലാക്കിയത്.

പാട്ടു മൂളാൻ ശ്രമിച്ച് എസ്പിബി 

ചെന്നൈ∙ കോവിഡ് ഗുരുതരാവസ്ഥയിൽ നിന്ന് ആരോഗ്യം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ പാടാനും എഴുതാനും ശ്രമിച്ച് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം. സംസാരിക്കാനാകുന്നില്ലെങ്കിലും ഐസിയുവിൽ ഡോക്ടർമാർ വച്ചുകൊടുക്കുന്ന പാട്ടുകൾ കേട്ടു താളമിടാനും ഒപ്പം മൂളാനും ശ്രമിക്കുന്നുണ്ടെന്നു മകൻ എസ്.പി.ചരൺ അറിയിച്ചു. വിരലുകളിൽ പേന ഉറയ്ക്കുന്നില്ലെങ്കിലും എഴുതാനും പരിശ്രമിക്കുന്നു. ദിവസവും പത്രംവായിച്ചു കേൾപ്പിക്കാൻ എംജിഎം ഹെൽത് കെയർ ആശുപത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. 

മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ബോധം വീണ്ടെടുത്തു. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനവും ഏറെ മെച്ചപ്പെട്ടു. ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആദ്യ സൂചനയാണിതെന്നും ഇനിയും പല ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കാനുണ്ടെന്നുണാണു ഡോക്ടർമാർ അറിയിച്ചത്. വെന്റിലേറ്റർ സഹായവും എക്മോ ചികിൽസയും കോവിഡ് ചികിൽസയും തുടരുകയാണെന്നും ചരൺ പറഞ്ഞു.

തരുൺ ഗൊഗോയിക്ക് കോവിഡ്

ഗുവാഹത്തി ∙ അസം മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയി(85)ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണു രോഗവിവരം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തു കോവിഡ് ബാധിതനാകുന്ന പതിമൂന്നാമത്തെ എംഎൽഎയാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com