ADVERTISEMENT

ന്യൂഡൽഹി ∙ ലഫ്റ്റനന്റ് ജനറൽ (റിട്ട.) പി.എം. ഹാരിസ്, ലഫ്റ്റനന്റ് ജനറൽ (റിട്ട.) ബോബി ചെറിയാൻ മാത്യൂസ്, എയർ മാർഷൽ (റിട്ട.) ശ്രീധരപ്പണിക്കർ രാധാകൃഷ്ണൻ നായർ (എസ്.ആർ.കെ. നായർ) എന്നിവരടക്കം ഏഴുപേരെ ആംഡ് ഫോഴ്സസ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിച്ചു. ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി എട്ട് ബഞ്ചുകളും 17 കോടതികളുമാണുള്ളത്. 

പുതുതായി നിയമിച്ച രണ്ട് ജുഡീഷ്യൽ അംഗങ്ങൾ അലഹാബാദ് ഹൈക്കോടതിയിലെ മുൻ ജഡ്ജി യു.സി. ശ്രീവാസ്തവയും ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി പി.എസ്. തേജിയുമാണ്. ജസ്റ്റിസ് ശ്രീവാസ്തവ എഎഫ്ടിയുടെ ലക്നൗ ബഞ്ചിലും ജസ്റ്റിസ് തേജി ജയ്പുർ ബഞ്ചിലും പ്രവർത്തിക്കും. പുതുതായി നിയമിച്ച മറ്റ് അഞ്ചു പേരും അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളാണ്. 

സതേൺ കമാൻഡിന്റെ ജനറൽ ഒാഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്ന ലഫ്. ജനറൽ പി.എം. ഹാരിസ് ട്രൈബ്യൂണലിന്റെ ന്യൂഡൽഹി പ്രിൻസിപ്പൽ ബഞ്ചിൽ പ്രവർത്തിക്കും. 2016 ഡിസംബറിൽ പി.എം. ഹാരിസിനെയും ലഫ്. ജനറൽ പ്രവീൺ ബക്ഷിയെയും മറികടന്നാണ് ലഫ്. ജനറൽ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി മോദി സർക്കാർ നിയമിച്ചത്. കോഴിക്കോട് കുറ്റിക്കടവ് സ്വദേശിയായ ഹാരിസിന് 2017–ൽ പരമവിശിഷ്ട സേവാമെഡൽ നൽകിയിരുന്നു. 

ഇന്ത്യൻ േവ്യാമസേനയുടെ ട്രെയിനിങ് കമാൻഡ് ആയി വിരമിച്ച എയർ മാർഷൽ എസ്.ആർ.കെ. നായർ ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിന്റെ കൊച്ചി ശാഖയിൽ പ്രവർത്തിക്കും. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ്. 2017–ൽ ഇദ്ദേഹത്തിനും പരമവിശിഷ്ട സേവാമെഡൽ നൽകി ആദരിച്ചിരുന്നു. 

12–ാം കോറിന്റെ ജനറൽ ഒാഫിസർ കമാൻഡിങ് ആയി വിരമിച്ച ലഫ്. ജനറൽ ബോബി ചെറിയാൻ മാത്യൂസ് ട്രൈബ്യൂണലിന്റെ ജയ്പുർ ബഞ്ചിൽ പ്രവർത്തിക്കും. ചെങ്ങന്നൂർ പട്ടത്താനം സ്വദേശിയാണ്. 2017–ൽ പരമവിശിഷ്ട സേവാമെഡൽ ലഭിച്ചിരുന്നു. 

കൊച്ചിയിൽ സതേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഒാഫിസർ കമാൻഡിങ് ഇൻചീഫായി വിരമിച്ച വൈസ് അഡ്മിറൽ എ. ആർ. കാർവേയെ ട്രൈബ്യൂണൽ ലക്നൗ ബഞ്ചിലും ഈസ്റ്റേൺ നേവൽ കമാൻഡ് ഫ്ളാഗ് ഒാഫിസർ കമാൻഡിങ് ഇൻ‌ ചീഫായി വിരമിച്ച വൈസ് അഡ്മിറൽ എച്ച്.സി. ബിഷ്തിനെ ചണ്ഡീഗഡ് ബഞ്ചിലും നിയമിച്ചു. 

ആർമി ആക്ട്, നേവി ആക്ട്, എയർഫോഴ്സ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിൽ സർവീസിലെ നിയമനം, കമ്മിഷൻ, എൻറോൾമെന്റ്, സേവന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച പരാതികൾ ആംഡ് ഫോഴ്സസ് ട്രൈബ്യൂണൽ കേൾക്കും. ഒാരോ കോടതിയിലും ഒരു ജഡ്ജി അംഗവും അഡ്മിനിസ്ട്രേറ്റീവ് അംഗവുമാണ് ഉണ്ടാവുക. അംഗങ്ങളുടെ നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകൾക്കെതിരേ പഞ്ചാബ് ആൻഡ് ഹരിയാന കോടതിയിൽ കേസ് നിലവിലിരിക്കുകയാണ്. അതിനാൽ പഴയ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com