ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിനു പിന്നിലെ ഗൂഢാലോചനയിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെ 5 പ്രമുഖർക്കു പങ്കെന്ന് ഡൽഹി പൊലീസ്.

യച്ചൂരിക്കു പുറമേ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികശാസ്ത്ര വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവരെയാണു ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. യുഎപിഎയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണു കേസ്.

ജെഎൻയു വിദ്യാർ‌ഥികളായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർഥിയായ ഗുൽഫിഷ ഫാത്തിമ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. പൗരത്വനിയമ (സിഎഎ) വിരുദ്ധ പ്രക്ഷോഭകരോട് ഏതറ്റം വരെയും പോകാൻ അവശ്യപ്പെട്ടു, സിഎഎ, ദേശീയ പൗര റജിസ്റ്റർ (എൻആർസി) എന്നിവ മുസ്‍ലിം വിരുദ്ധമാണെന്നു പ്രചരിപ്പിച്ചു, പ്രകടനങ്ങൾ സംഘടിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കി എന്നിവയാണു കുറ്റാരോപണങ്ങൾ.

യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂർവാനന്ദ് എന്നിവരുടെ നിർദേശപ്രകാരമാണ് പ്രക്ഷോഭങ്ങൾ നടത്തിയതെന്നും പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടെന്നുമുള്ള വിദ്യാർഥികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.

ഭീം സേന നേതാവ് ചന്ദ്രശേഖർ ആസാദ്, ആക്ടിവിസ്റ്റ് ഉമർ ഖാലിദ്, മുൻ എംഎൽഎ മതീൻ അഹമ്മദ്, അമാനുല്ല ഖാൻ എംഎൽഎ എന്നിവരും അക്രമം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളികളായെന്നു പൊലീസ് ആരോപിക്കുന്നു. ഈ നേതാക്കളുടെ നിർദേശാനുസരണമാണ് തങ്ങൾ പൗരത്വനിയമ വിരുദ്ധ സമരം നടത്തിയതെന്നു വിദ്യാർഥികൾ സമ്മതിച്ചതായി കുറ്റപത്രം പറയുന്നു.

ഫെബ്രുവരി 23നും 26നുമിടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേരാണു കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com