ADVERTISEMENT

ന്യൂഡൽഹി ∙ സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെ, അതിർത്തിയിലെ സംഘർഷസ്ഥിതി അവസാനിപ്പിക്കാൻ അഞ്ചിന മാർഗരേഖയ്ക്ക് ഇന്ത്യയും ചൈനയും തമ്മിൽ ധാരണ. മോസ്കോയിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ നടത്തിയ ചർച്ചയിലാണ് ധാരണ. തുറന്നതും ക്രിയാത്മകവുമെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തിയ ചർച്ചയിലുണ്ടാക്കിയ മാർഗരേഖ ഇങ്ങനെ:

1. ഭിന്നതകൾ തർക്കമായി മാറരുതെന്നതുൾപ്പെടെ, ഇന്ത്യ – ചൈന ബന്ധം വികസിപ്പിക്കാൻ നേതൃതലത്തിൽ ഉണ്ടാക്കിയ ധാരണകൾ മാർഗദർശകമാകണം.

2. അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതി ഇരുരാജ്യങ്ങൾക്കും ഹിതകരമല്ല. അതിനാൽ, അതിർത്തി സേനകൾ ചർച്ച തുടരണം, മുഖാമുഖം നിൽക്കുന്നത് ഉടനടി അവസാനിപ്പിക്കണം, ഉചിതമായ അകലം പാലിക്കണം, സ്ഥിതിയിൽ അയവുവരുത്തണം.

3. അതിർത്തികാര്യങ്ങളിൽ നിലവിലുള്ള കരാറുകളും ഉടമ്പടികളും പാലിക്കണം, അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും നിലനിർത്തണം, സ്ഥിതി വഷളാക്കാവുന്ന ഏതു നടപടിയും ഒഴിവാക്കണം.

4. അതിർത്തി വിഷയത്തിനുള്ള പ്രത്യേക പ്രതിനിധികൾ ചർച്ച തുടരണം. അതിർത്തി കാര്യങ്ങളിൽ ചർച്ചയ്ക്കും ഏകോപനത്തിനുമുള്ള പ്രവർത്തന സംവിധാനത്തിന്റെ (ഡബ്ല്യുഎംസിസി) യോഗങ്ങൾ തുടരണം.

5. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക്, അതിർത്തി മേഖലകളിലെ സമാധാനത്തിന് പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള നടപടികളിൽ ധാരണയുണ്ടാക്കണം.

English Summary: India China border issue discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com