കലയെ കൈകോർത്തു നിർത്തിയ കപില

IND0748A
SHARE

ഇന്ത്യൻ ക്ലാസിക്കൽ കലയുടെ ആധികാരിക ചരിത്രം പറയാൻ കപില വാത്സ്യായനെപ്പോലെ തലയെടുപ്പുള്ള കലാകാരി എത്ര തലമുറകൾ കഴിഞ്ഞാലും ഉണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ വലിയ ഭൂമിക എന്ന കണ്ണാടിയിലൂടെയാണു കപില കലകളെ കണ്ടതും വിലയിരുത്തിയതും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നു നേടിയ ഡോക്ടറേറ്റ് ഇന്ത്യൻ ഭാഷകളിലേക്കും കലാലോകത്തേക്കും ജാലകം തുറക്കാൻ അവരെ സഹായിച്ചു.

ഓരോ കലകളെയും അതിന്റെ തനതു മണ്ണിലും വേരിലും കാലുറപ്പിച്ച ചിലങ്കകളുടെ സ്വരംകൊണ്ട് അവർ തിരിച്ചറിഞ്ഞു. നാടൻ തുടികൾക്കു കാതോർത്തു. ഇന്ത്യയെമ്പാടുമുള്ള സഭകളുടെ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടു. കലാകാരൻമാർക്ക് സ്കോളർഷിപ്പും അംഗീകാരങ്ങളും നൽകാൻ ഓടി നടന്നു. കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവരെ വിസ്മൃതിയിൽ നിന്നു കണ്ടെത്തി. കലാകാരൻമാരുടെ ഭാവി വളർച്ചയ്ക്കു വിഘാതമാകുമെന്ന തിരിച്ചറിവിൽ ആലാപന ശൈലികളുടെയും (ഘരാന) നാട്യരീതികളുടെയും (ബാനി) കടുംപിടുത്തത്തിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിക്കാനും അവർ ശ്രമിച്ചു. 

കലാക്ഷേത്രയിലൂടെയാണ് ഞാൻ കപിലാജിയെ അടുത്തറിയുന്നത്. എന്റെ ഗുരു രുക്മിണിദേവി അരുണ്ഡേലിന്റെ വലിയ ആരാധികയായിരുന്നു അവർ. ആ പാദങ്ങളിൽ നൃത്തവും പാട്ടും കാതോർത്തിരുന്ന അതുല്യ  കലാകാരി. മണിപ്പുരി മുതൽ കഥകളി വരെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ പല  അടരുകളിലൂടെ അവർ സഞ്ചരിച്ചു. എഴുപതുകളിൽ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെ മുഖശ്രീ കപിലാജിയായിരുന്നു. ഇന്ത്യയുടെ കലയും സംസ്കാരവും ലോകവേദികളിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തി. ഔദ്യോഗിക ചുമതലകളുടെ തിരക്കിനിടയിലും ഓരോ നാട്ടരങ്ങിലും കലയുടെ സ്പന്ദനം തേടി നടന്ന കലാകാരി.

ഒരിക്കൽ ഡൽഹി ലേഡി ശ്രീറാം കോളജിൽ ഞാനൊരു ഭരതനാട്യം സോദാഹരണ പ്രഭാഷണത്തിനു പോയി. അവിടെ വേദിയിൽ തൊട്ടു മുൻപ് പ്രസംഗിച്ചത് കപിലയായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. ഡെമോൺസ്ട്രേഷനിടെ കപില പെട്ടെന്നു വേദിയിലേക്കോടിക്കയറി. ഭരതനാട്യത്തിലെ മുദ്രകളെക്കുറിച്ചും നിലകളെക്കുറിച്ചും വ്യക്തമായി പറഞ്ഞു. ആ സമയത്രയും ഞാൻ വേദിയിൽ അരമണ്ഡലത്തിൽ നിൽക്കുകയായിരുന്നു. ഏതാണ് 5 മിനിറ്റോളം അങ്ങനെ നിൽക്കേണ്ടി വന്നു. കലാകാരിയെന്ന നിലയിലൊരു പരീക്ഷണം കൂടിയായിരുന്നു അത്. കലാരംഗത്ത് കള്ളനാണയങ്ങളും പൊള്ളത്തരങ്ങളും ഉയർന്നു വന്ന പുതിയകാലത്തേക്കുറിച്ച് ആശങ്കയിലായിരുന്നു കപില. നൃത്തത്തിലടങ്ങിയ സാഹിത്യവും കൃതിക്കു പിന്നിലെ തത്വദർശനവും പുതിയ കാലത്തെ നർത്തകർക്കു മനസ്സിലാക്കാൻ കഴിയാത്തത്തിൽ അതീവ ദു:ഖിതയായിരുന്നു കപില. എന്നിട്ടും അത്തരക്കാർ നൃത്തമാടിക്കൊണ്ടേയിരിക്കുന്നു. 

പണ്ഡിറ്റ് ജസ്‍രാജ്, മുകുന്ദ് ലഥ്, കപില... കലാലോകത്തിന് ഇതു നഷ്ടങ്ങളുടെ ദിനങ്ങളാണ്. കപിലയുടെ എഴുത്തുകൾ പുതുതലമുറയ്ക്ക് വേണ്ടി എല്ലാ ഭാഷയിലും പരിഭാഷപ്പെടുത്തി നൽകുക എന്നതാണ് അവർക്കു നൽകാവുന്ന ഏറ്റവും വലിയ ബഹുമതി. പ്രണാമം.

(പ്രശസ്ത നർത്തകിയും കലാക്ഷേത്ര മുൻ ഡയറക്ടറുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA