ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു രാജ്യസഭയിൽ പ്രതിപക്ഷ കക്ഷികൾ. ലോക്ഡൗണും അതിഥി തൊഴിലാളികൾക്കു നേരിടേണ്ടി വന്ന ദുരിതവും മുതൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി രാജ്യത്തെ അപകടത്തിലേക്കു തള്ളിയിട്ടെന്ന ആരോപണവും വരെ ഉയർന്നതോടെ ചർച്ച ചൂടുപിടിച്ചു.

ഇതിനിടെ കോവിഡ് വിഷയം ചർച്ച ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചതിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ രാജ്യസഭയിൽ ബഹളമായി. ഇന്നും 2 മണിക്കൂർ അനുവദിക്കാമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. ഇന്നത്തെ ചർച്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ മറുപടി നൽകും. 

രാജ്യത്തെ കോവിഡ് സ്ഥിതിയെക്കുറിച്ചു ഹർഷ് വർധൻ നേരത്തെ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ചർച്ച തുടങ്ങിയത്. കോൺഗ്രസിലെ ആനന്ദ് ശർമ, ലോക്ഡൗൺ നടപ്പാക്കിയ രീതിയെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നടത്തിയ വിഡിയോ കോൺഫറൻസുകളിൽ ഒരു സംസ്ഥാനവും ഇതു പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം ഈ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ബിജെപിയിലെ വിനയ് സഹസ്രബുദ്ധെ തിരിച്ചടിച്ചു. ലോക്ഡൗൺ നടപ്പാക്കിയതു വഴി 29 ലക്ഷത്തോളം കേസുകൾ കുറയ്ക്കാനായെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെ കോൺഗ്രസ് ചോദ്യം ചെയ്തപ്പോൾ ബിജെപിയിലെ സ്വപൻ ദാസ് ഗുപ്തയും സമാന സംശയം ഉയർത്തി. 

ആളുകളുടെ ബുദ്ധിമുട്ടുകൾ മറന്ന്, ട്രംപിനെ വരവേൽക്കാനും മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിലുമായിരുന്നു സർക്കാരെന്ന് സിപിഎമ്മിലെ എളമരം കരീം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com