ADVERTISEMENT

കൊച്ചി∙ ശ്രീലങ്കയിലെ ചാവേർ ബോംബ് ആക്രമണം സംബന്ധിച്ച് ഇന്ത്യയിൽ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികളെ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതികളുടെ തുടർച്ചയായ ശ്രീലങ്കൻ യാത്രകളുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. 2019 ഏപ്രിൽ 21നാണ് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളിൽ ഉൾപ്പെടെ 8 ഇടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടായത്. 

ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തി. ലഹരിക്കേസിലെ പ്രതികൾക്കു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ ഇവരുടെ ചോദ്യം ചെയ്യൽ എൻഐഎക്കു നിർണായകമാണ്.

ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാൻ ഹാഷിം 3 വർഷം മുൻപു ബെംഗളൂരു സന്ദർശിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സഹ്രാനെ സമൂഹമാധ്യമങ്ങളിൽ പിൻതുടർന്നിരുന്ന യുവാക്കളെ എൻഐഎ പല തവണ ചോദ്യം ചെയ്തു. ശ്രീലങ്ക വഴി കടൽമാർഗം ഇന്ത്യയിലേക്കു വൻതോതിൽ ലഹരിമരുന്നു കടത്തുന്നതും കേരളത്തിൽ നിന്നു യുവാക്കൾ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും ലഹരി പാർട്ടികളിൽ സംബന്ധിക്കുന്നതും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

കേന്ദ്ര ഏജൻസിയുടെ സഹായം തേടും 

ബെംഗളൂരു∙ ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളുമായി കർണാടകയിലെ ലഹരി മാഫിയയ്ക്കുള്ള ബന്ധം അന്വേഷിക്കാൻ ബെംഗളൂരു പൊലീസ് കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നു സൂചന.  കന്നഡ സിനിമാ, രാഷ്ട്രീയ മേഖലകളിലെ ചിലർക്ക് ശ്രീലങ്കയിൽ കസീനോ നടത്തിപ്പുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ലങ്കൻ കസീനോകളിൽ പോയതായി പറയുന്ന നടി അയ്ന്ദ്രിത റേ, ഭർത്താവും നടനുമായ ദിഗന്ത് എന്നിവരെ ഇന്നലെ 4 മണിക്കൂറോളം ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേരളത്തിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണു ബെംഗളൂരുവിലെത്തിയത്. 

രാഗിണി ദ്വിവേദിക്കു പിന്നാലെ നടി സഞ്ജന ഗൽറാണിയും ജൂഡീഷ്യൽ കസ്റ്റഡിയിലായി. പാരപ്പന അഗ്രഹാര ജയിലിലാണ്.  സഞ്ജനയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. രാഗിണിയുടെ അപേക്ഷ 19ന് പരിഗണിക്കാനായി  മാറ്റി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com