ADVERTISEMENT

ന്യൂ‍ഡൽഹി ∙ ബിജെപിയിൽ എന്നും വ്യത്യസ്തനായിരുന്നു മേജർ ജസ്വന്ത് സിങ് ജസോൾ. ഓക്സ്ഫഡ് ഇംഗ്ലിഷ് പറയുന്ന, എപ്പോഴും ഫ്ലാപ്പുകളുള്ള ഷർട്ടും പാന്റ്സും ധരിക്കുന്ന, ആർഎസ്എസ് പശ്ചാത്തലമില്ലാത്ത മിതവാദിയായ നേതാവ്. അടൽ ബിഹാരി വാജ്പേയിയുടെ വലംകൈ.

ഹാർവഡ് സർവകലാശാലയിലെ സീനിയർ ഫെലോയും ഓക്സ്ഫഡിലും വാർവിക് സർവകലാശാലയിലും വിസിറ്റിങ് പ്രഫസറുമായിരുന്ന ജസ്വന്തിന്റെ രീതികൾ പാർട്ടിയുടെ പതിവുചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നില്ല. 

വാജ്പേയിയുടെയും അഡ്വാനിയുടെയും വിശ്വസ്തനും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളും ആയിരുന്ന ജസ്വന്ത് ഒടുവിൽ അപമാനിതനായാണു പാർട്ടിക്കു പുറത്തു പോയത്.

2002–2004 കാലത്ത് ധനമന്ത്രി, 2000–2001ൽ പ്രതിരോധ മന്ത്രി, 1998–2002 കാലത്ത് വിദേശകാര്യ മന്ത്രി എന്നീ നിലകളിൽ ജസ്വന്ത് സിങ് പ്രവർത്തിച്ചു. 

പൊഖ്റാൻ, കാർഗിൽ, പാക്കിസ്ഥാനുമായുള്ള ആഗ്ര ചർച്ച തുടങ്ങി വാജ്പേയി സർക്കാരിന്റെ കാലത്തെ സുപ്രധാന തീരുമാനങ്ങളിലെല്ലാം ജസ്വന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. വിവിധ പാർലമെന്ററി കാര്യ സമിതികളുടെ തലവനായിരുന്നു. 2001ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡും ലഭിച്ചു.

പൊഖ്റാൻ ആണവ പരീക്ഷണത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിപ്പിക്കുന്നതിലും ആ രാജ്യവുമായി ദൃഢമായ ബന്ധം രൂപപ്പെടുത്തുന്നതിലും ജസ്വന്തിന്റെ നയതന്ത്ര മികവ് തുണയായി. മറ്റു വിദേശരാജ്യങ്ങളുമായും ഊഷ്മള ബന്ധം പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. പക്ഷേ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാനായി മൗലാന മസൂദ് അസ്ഹർ അടക്കം 3 പാക്ക് കൊടുംഭീകരരെ മോചിപ്പിക്കേണ്ടി വന്നത് അതിനെല്ലാം മേൽ കരിനിഴൽ വീഴ്ത്തി.

രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ, മുഹമ്മദലി ജിന്നയെക്കുറിച്ച് 2009ൽ എഴുതിയ പുസ്തകം ‘ജിന്ന– ഇന്ത്യ, പാർട്ടീഷൻ, ഇൻഡിപെൻഡൻസ്’ ബിജെപിയിൽനിന്നു പുറത്തേക്കുള്ള വഴി തെളിച്ചു. ജിന്നയെ പ്രശംസിക്കുന്ന വാക്യങ്ങളുടെ പേരിലായിരുന്നു അത്. 10 മാസത്തിനു ശേഷം പാർട്ടിയിൽ തിരിച്ചെത്തി. 

2014ൽ സ്വന്തം മണ്ഡലമായ ബാർമറിൽ സീറ്റു കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും പാർട്ടി കൈവിട്ടു. ക്ഷുഭിതനായ ജസ്വന്ത് സ്വതന്ത്രനായി മത്സരിച്ചു. പരാജയത്തിനു പിന്നാലെ പാർട്ടിയിൽനിന്നു വീണ്ടും പുറത്താവുകയും ചെയ്തു. 2014 ഓഗസ്റ്റിൽ കുളിമുറിയിൽ വീണു പരുക്കേറ്റ് അബോധാവസ്ഥയിലായ ജസ്വന്ത് സിങ്ങിനു പിന്നീടു സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com