ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ ഇന്ത്യാ ഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധം. പഞ്ചാബിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രാക്ടർ കത്തിച്ചത്. 5 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രതിഷേധം ഡൽഹിയിലേക്കു പടരാതിരിക്കാൻ ജാഗ്രത പുലർത്തിയിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് രാവിലെ ട്രക്കിൽ ട്രാക്ടർ എത്തിച്ചത്. ഇന്ത്യാ ഗേറ്റിനു മുന്നിൽ ട്രാക്ടർ റോഡിലിറക്കിയ ശേഷം കത്തിച്ച പ്രവർത്തകർ, കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കർഷകരുടെ ഉപജീവനമാർഗമായ ട്രാക്ടർ കത്തിച്ച് കോൺഗ്രസ് നടത്തിയ നാടകം രാജ്യത്തിനു നാണക്കേടായെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിമർശിച്ചു. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്നവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ബില്ലുകളിൽ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ധർണ നടത്തി. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഖട്കർ കലനിലായിരുന്നു ധർണ. പ്രതിഷേധത്തിൽ വരും ദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്കു പ്രകടനം നടത്താൻ ശ്രമിച്ച കോൺഗ്രസ് ഡൽഹി ഘടകം പ്രസിഡന്റ് അനിൽ കുമാർ ചൗധരി ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ പ്രചാരണങ്ങളിലൂടെ കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തുന്നവർക്കെതിരെ കോടതിയെ സമീപിക്കുമെന്നു ബിജെപി ഡൽഹി ഘടകം വക്താവ് നീൽകാന്ത് ബക്ഷി പറഞ്ഞു. 

ബില്ലുകൾക്കെതിരെ തമിഴ്നാട്ടിൽ‌ ഡിഎംകെ സഖ്യം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തൂത്തുക്കുടി അടക്കം ജില്ലകളിൽ കോൺഗ്രസ്, ഇടതു പാർട്ടികൾ, വിസികെ, എംഡിഎംകെ എന്നിവ പങ്കെടുത്തു. കാഞ്ചീപുരത്തു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പങ്കെടുത്തു. തൂത്തുക്കുടിയിൽ കനിമൊഴി നേതൃത്വം നൽകി.

കർണാടക ബന്ദിൽ മണ്ഡ്യയിലും ശ്രീരംഗപട്ടണത്തും റോഡ് ഉപരോധത്തിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരു നഗരത്തിൽ നാനൂറോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നടപ്പാക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരോട് സോണിയ

ബില്ലുകൾ സംസ്ഥാനങ്ങളിൽ നടപ്പാക്കാതിരിക്കാൻ നിയമം പാസാക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ബില്ലുകൾക്കു പിന്തുണ പ്രഖ്യാപിച്ച് 32 മുൻ ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാൻ ബില്ലുകൾ വഴിയൊരുക്കുമെന്നു മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. 

English Summary: Farmers agitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com