ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഹത്രാസിൽ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ സംസ്കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നു.

ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്നാണ് ആരോപണം.അന്ത്യകർമങ്ങൾക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്കാരം നടത്തിയത്. അന്ത്യകർമങ്ങൾക്ക് വളരെക്കുറച്ചു സമയം മാത്രം നൽകിയ പൊലീസ്, തല്ലിയോടിക്കുമെന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

up-police-rape
കാക്കി കറുത്തപ്പോൾ ... ഹത്രാസിൽ പീ‍ഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ പുലർച്ചെ ഉത്തർപ്രദേശ് പൊലീസ് ബലമായി സംസ്കരിക്കുന്നതിന്റെ ദൃശ്യം.

പൊലീസ് ഭീഷണിയിൽ ഭയന്നുപോയ കുടുംബാംഗങ്ങൾ കതകടച്ചു വീടിനുള്ളിലിരുന്ന സമയത്താണ് സമീപത്ത് ചിതയൊരുക്കി പൊലീസ് സംസ്കാരം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരിച്ച 19 വയസ്സുകാരിയുടെ മൃതദേഹം വൻ പ്രതിഷേധങ്ങൾക്കിടെയാണ് ആംബുലൻസിൽ പൊലീസ് ഉത്തർപ്രദേശിലേക്കു കൊണ്ടുപോയത്. വിവിധ സംഘടനകൾ ഇതിനു ശേഷവും സഫ്ദർജങ് ആശുപത്രിയിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പുലർച്ചെയോടെ മൃതദേഹവുമായി ഹത്രാസിലെത്തിയ വൻ പൊലീസ് സംഘം ഉടൻ സംസ്കാരം നടത്തണമെന്ന് വാശിപിടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിട്ടില്ലെന്നും പരാതിയുണ്ട്.

എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് പുലർച്ചെ തന്നെ സംസ്കാരം നടത്തിയതെന്ന് ഉത്തർപ്രദേശ് പൊലീസ് എഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

യോഗി ആദിത്യനാഥിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, പെൺകുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് നിർദേശിച്ചു.

യുപി ഭവന് കാവൽ

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ ഉത്തർപ്രദേശ് ഭവനു മുന്നിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ച് നടത്തിയ ഇടതുപക്ഷ വനിതാ സംഘടനകളിലെ 60 പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസും ഭീം ആർമിയും ലക്നൗവിലും പ്രതിഷേധ മാർച്ചുകൾ നടത്തി.

അതിനിടെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും ഡൽഹി സംസ്ഥാന അധ്യക്ഷൻ ഹിമാൻഷു വാൽമീകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സംഘടന ആരോപിച്ചു.

സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. ഡൽഹിയിലെ നിർഭയ സംഭവം പോലെ രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

‘‘ജീവിച്ചിരുന്നപ്പോൾ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോൾ മതിയായ ചികിത്സ നൽകിയില്ല, മരിച്ചപ്പോൾ അന്ത്യകർമങ്ങൾക്കു പോലും അവസരം നൽകിയില്ല’’– കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കുടുംബത്തിനു പൊലീസ് നീതി നിഷേധിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു.

പൊലീസ് തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നു സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പൊലീസിന്റെ നടപടി സംശയാസ്പദമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടതായി സിപിഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു. നിർബന്ധിത സംസ്കാരത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ആദ്യം ചില മനുഷ്യമൃഗങ്ങൾ പീഡിപ്പിച്ച പെൺകുട്ടിയെ പിന്നീട് ഭരണസംവിധാനം ആകെ പീഡിപ്പിച്ച അവസ്ഥയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

പരാതി പൊലീസ്  അവഗണിച്ചു

ന്യൂഡൽഹി∙ പാടത്ത് ഒപ്പമുണ്ടായിരുന്ന മകളെ അയൽവാസികളായ ചെറുപ്പക്കാർ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറാതെ ഹത്രാസിലെ ദലിത് പെൺകുട്ടിയുടെ അമ്മ. ഇരുവരും പുല്ലുചെത്താനാണ് പാടത്തേക്കു പോയത്. 

കുറച്ചു കഴിഞ്ഞപ്പോൾ മകളെ കാണാതായതായി അമ്മ പറയുന്നു. വലിച്ചിഴച്ച പാടുകൾക്കു പിറകേ പോയി നോക്കിയപ്പോൾ കണ്ടത് പൂർണ നഗ്നയായി ചോരയൊലിപ്പിച്ചു കിടക്കുന്ന മകളെ.

പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് അവഗണിച്ചെന്നും പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. 

നാക്കു മുറിഞ്ഞതിനാൽ മകൾക്കു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. നാക്കിലെ മുറിവ് ഭേദപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം മകൾ മൊഴി നൽകിയപ്പോഴാണ് പീഡനക്കേസ് ചുമത്താൻ പൊലീസ് തയാറായത്. ഡൽഹിയിൽ നിന്നു മകളുടെ മൃതദേഹവുമായി വന്ന പൊലീസ് സംഘം ലാത്തിവീശി ഗ്രാമവാസികളെ ഭയപ്പെടുത്തിയതായും അമ്മ പറഞ്ഞു.

Englishs summary: Hathras Rape Incident 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com