ADVERTISEMENT

ബെംഗളൂരു∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ സിബിഐ 57 ലക്ഷം രൂപ പിടിച്ചെടുത്തു.  സഹോദരനും കോൺഗ്രസ് എംപിയുമായ ഡി.കെ സുരേഷിന്റെ വസതിയിലടക്കം  3 സംസ്ഥാനങ്ങളിലായി 14 സ്ഥലങ്ങളിലായിരുന്നു  രാവിലെ 6.30 മുതൽ റെയ്ഡ്.  എംഎൽഎ കൂടിയായ ശിവകുമാറും സഹോദരനും ബന്ധുക്കളും ചേർന്ന് അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കേസ്.  

ബെംഗളൂരുവിലെ സദാശിവനഗർ, കനക്പുരയിലെ ദൊഡ്ഡലഹള്ളി എന്നിവിടങ്ങളിലെ ശിവകുമാറിന്റെ വസതികളടക്കം കർണാടകയിൽ 9 ,ഡൽഹിയിൽ 4 സ്ഥലങ്ങൾക്കു പുറമെ മുംബൈയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. സ്വത്തിന്റെയും ബാങ്ക് നിക്ഷേപങ്ങളുടെയും രേഖകൾ,  കംപ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി.

2017ൽ നടന്ന ആദായനികുതി  റെയ്ഡിനെ തുടർന്ന് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) സിബിഐക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  ശിവകുമാറിന്റെ വ്യാപാര പങ്കാളികളും ബന്ധുക്കളും  കൂടി ഉൾപ്പെടുന്ന പുതിയ കേസ്.  ഇഡി 2019 സെപ്റ്റംബറിൽ  അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ശിവകുമാർ 50 ദിവസം തിഹാർ ജയിലിലായിരുന്നു. 

ഇന്നലെ ഡൽഹിയിൽ ഡി.കെ സുരേഷിന്റെ എംപി ക്വാർട്ടേഴ്സിലും സഫ്ദർജങ് റോഡിലെ 2 വസതികളിലും പരിശോധന നടന്നു. ശിവകുമാറിന്റെ സ്വത്ത്, പണ ഇടപാടുകളെ കുറിച്ച് അടുത്ത അനുയായി ഇഖ്ബാൽ ഹുസൈനെ ഇഡി കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. 

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബന്ധുക്കളുടെ പേരിൽ ശിവകുമാറും സഹോദര‌നും  നടത്തിയ ബെനാമി ഇടപാടുകളിൽ ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com