പാസ്വാൻ: ഭരണനിർവഹണത്തിൽ കരുത്ത് കാട്ടിയ രാഷ്ട്രീയജീവിതം

Ram Vilas Paswan with Chirag
റാം വിലാസ് പാസ്വാൻ മകനും ലോക്‌ ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാനൊപ്പം പാർട്ടി റാലിക്കിടെ.
SHARE

പോയ ദശകങ്ങളിൽ രാഷ്ട്രീയ ശക്തികേന്ദ്രമായി സെൻട്രൽ ഡൽഹി ജൻപഥിലെ അടുത്തടുത്ത 2 ബംഗ്ലാവുകൾ;. രാജീവ് ഗാന്ധിയുടെയും റാം വിലാസ് പാസ്വാന്റെയും. 1990ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് ബംഗ്ലാവ് അനുവദിച്ചത്.

പാസ്വാന് കാബിനറ്റ് മന്ത്രിയായപ്പോഴും. 10 ജൻപഥ് , ഹ്രസ്വകാലത്തേക്കു രാജീവിന്റെയും പിന്നീട് കോൺഗ്രസ് അധ്യക്ഷ, പ്രതിപക്ഷനേതാവ്, യുപിഎ അധ്യക്ഷ എന്നീ നിലകളിൽ ദീർഘകാലം സോണിയ ഗാന്ധിയുടെയും വസതിയായി തുടർന്നു. തൊട്ടടുത്ത് 11 ജൻപഥിലിരുന്നാണു പാസ്വാൻ വി.പി. സിങ് മുതൽ നരേന്ദ്രമോദി വരെ 6 പ്രധാനമന്ത്രിമാരുടെ കീഴിൽ ഭരണം നടത്തിയതും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും.

ഇടത്തും വലത്തുമുളള കക്ഷികളിലെ നേതാക്കൾക്കു പ്രിയങ്കരനായിരുന്നു പാസ്വാൻ. അതിനാൽ പാസ്വാൻ പാർലമെന്റ് അംഗമല്ലാതിരുന്ന കാലത്തും അദ്ദേഹത്തിനു ബംഗ്ലാവിൽ തുടരാൻ അനുമതിയുണ്ടായി. റമസാനിൽ അദ്ദേഹം തന്റെ വസതിയിൽ സംഘടിപ്പിക്കാറുള്ള ഇഫ്താർ വിരുന്നുകളിൽ രാഷ്ട്രീയകക്ഷി നേതാക്കൾക്കു പുറമേ ഉദ്യോഗസ്ഥപ്രമുഖരും വ്യവസായികളും മാധ്യമപ്രവർത്തകരും ഒത്തുചേരുമായിരുന്നു. നരേന്ദ്രമോദി സർക്കാർ മന്ത്രിഭവനങ്ങളിലെ ഇഫ്താർ വിരുന്നുകൾ ഒഴിവാക്കിയപ്പോഴും പാസ്വാൻ അതു തുടർന്നു. കോവിഡ് മൂലവും പാസ്വാന്റെ അസുഖം മൂലവും ഈ വർഷം ആ പതിവു മുടങ്ങി.

1977ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ പാസ്വാൻ നാലു ദശകത്തിലേറെ പാർലമെന്റിലും അധികാര ഇടനാഴികളിലും ഏറ്റവും സർവസമ്മതനായ നേതാവായിരുന്നു. പേരുകൾ, കണക്കുകൾ, വിവരങ്ങൾ എന്നിവ ഓർത്തുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മന്ത്രിസഭായോഗങ്ങളിൽ തന്റെ വകുപ്പിനു വേണ്ട പദ്ധതികൾക്കായുള്ള സ്ഥിതിവിവരക്കണക്കുകൾ ഓർമയിൽ തടസ്സമില്ലാതെ ഒഴുകി. പാർലമെന്റിലാകട്ടെ, പ്രതിപക്ഷത്തിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഇടറുന്ന പുതിയ മന്ത്രിമാരെ സഹായിക്കാൻ അദ്ദേഹം ഉടൻ എത്തിയിരുന്നു.

ജനതാപാർട്ടി ഉയർത്തിവിട്ട അലകളിലേറിയാണ് രാഷ്ട്രീയയാത്ര തുടങ്ങിയത്. ജനതാതരംഗത്തിന്റെ ഉന്നതിയിൽ 1977ൽ തിരഞ്ഞെടുപ്പുവിജയങ്ങൾ നേടിയിട്ടും കക്ഷി, ബിഹാറിൽ തന്നെ പല കഷ്ണങ്ങളായി മാറി. എന്നിട്ടും പാസ്വാന്റെ അടിത്തറ ഇളകിയില്ല. ദലിത് സമുദായം അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നതിൽ തിരഞ്ഞെടുപ്പുതോറും ചിഹ്നങ്ങൾ മാറിയതു പോലും പ്രശ്നമായില്ല

റെയിൽവേ, വാർത്താവിതരണം, ഉരുക്ക്,ഖനി, രാസവളം തുടങ്ങിയ വിവിധ വകുപ്പുകൾ മികവോടെ കൈകാര്യം ചെയ്ത ഭരണകർത്താവു കൂടിയായിരുന്നു പാസ്വാൻ. സാമ്പത്തിക കാര്യങ്ങളിൽ മന്ത്രാലയങ്ങൾ തമ്മിലുള്ള ഉരസലുകൾ മയപ്പെടുത്താൻ പ്രധാനമന്ത്രിമാർക്കു പാസ്വാൻ എന്നും ആശ്രയിക്കാവുന്ന സഹപ്രവർത്തകനായിരുന്നു. 1990ൽ പിന്നാക്കവിഭാഗങ്ങൾക്കു 27% തൊഴിൽ, വിദ്യാഭ്യാസ സംവരണം നടപ്പിലാക്കാൻ വി.പി.സിങ്ങിന് ആത്മവിശ്വാസം പകർന്നതു പാസ്വാനായിരുന്നു.

ഉപപ്രധാനമന്ത്രി ദേവിലാലിൽ നിന്നു ഭീഷണി നേരിട്ട വി.പി.സിങ് സർക്കാർ 3 മാസത്തിനകം നിലം പതിച്ചെങ്കിലും തൊഴിൽസംവരണത്തിന്റെ ശക്തനായ വക്താവായി തുടർന്നു എന്നും അദ്ദേഹം. പല സംസ്ഥാനങ്ങളിലും ദലിത്, പിന്നാക്ക സമുദായങ്ങൾക്കിടയിൽ അദ്ദേഹത്തോടു മമത ഉണ്ടായിരുന്നു. പക്ഷേ, ബിഹാറിനു പുറത്ത് സംഘടനാബലം ഉണ്ടാക്കാൻ പാസ്വാനായില്ല.

സിനിമയിൽ ഒരിക്കലും ഹീറോ ആകാൻ പറ്റാതെ സ്വഭാവനടനായി കഴിയേണ്ടിവന്ന ആളെപ്പോലെയാണു താനെന്നു പാസ്വാൻ പറഞ്ഞിട്ടുണ്ട്. ചിരാഗിനെ ഒരു ബോളിവുഡ് ഹീറോ ആക്കാനും അദ്ദേഹം ശ്രമിച്ചു. പക്ഷേ മകൻ വിജയിച്ചില്ല.

രാഷ്ട്രീയ വർഷങ്ങൾ

ബിഹാർ നിയമസഭ ∙ 1969–72 ∙ 1972 പരാജയം 

ലോക്സഭാംഗം – ഹാജിപ്പുർ (ബിഹാർ) 1977–80, 1980–84,

1984 (പരാജയം) 1989–91 ∙ 1991–96 ∙ 1996–98 ∙ 1998–99 ∙ 1999–2004  ∙ 2004–09

2009 (പരാജയം) 2014–19‌ 

രാജ്യസഭ 2010–14 ∙ 2019–20

വിവിധ കേന്ദ്രമന്ത്രിസഭകളിൽ കാബിനറ്റ് മന്ത്രി

∙ 1989–90 തൊഴിൽ മന്ത്രി – വി.പി.സിങ് മന്ത്രിസഭ 

∙ 1996–97 റെയിൽവേ, പാർലമെന്ററികാര്യം (1996) –ദേവെ ഗൗഡ മന്ത്രിസഭ 

∙ 1997–98 റെയിൽവേ –ഐ.കെ. ഗുജ്‍റാൾ മന്ത്രിസഭ, 1999–2001 വാർത്താവിനിമയം, ഐടി – വാജ്പേയ് മന്ത്രിസഭ 

∙ 2001–2002 കൽക്കരി, ഖനി – വാജ്പേയ് മന്ത്രിസഭ 

∙ 2004–09 രാസവളം രാസവസ്തു, കൽക്കരി –മൻമോഹൻ സിങ് മന്ത്രിസഭ 

∙ 2014–19 ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണ‌ം – നരേന്ദ്ര മോദി മന്ത്രിസഭ 

∙ 2019–20  ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം – നരേന്ദ്ര മോദി മന്ത്രിസഭ 

സഭാ നേതാവ്

എച്ച്.ഡി. ദേവെ ഗൗഡ, ഐ.കെ. ഗുജ്‍റാൾ മന്ത്രിസഭയുടെ കാലത്ത് പാസ്വാനായിരുന്നു ലോക്സഭയുടെ നേതാവ്. ദേവെ ഗൗഡയും ഗുജ്‍റാളും രാജ്യസഭാംഗങ്ങളായിരുന്നതിനാലാണു പാസ്വാനെ സഭാ നേതാവായി തിരഞ്ഞെടുത്തത്.

English Summary: Ram Vilas Paswan political career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA