ADVERTISEMENT

ന്യൂഡൽഹി ∙ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾക്ക് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്ന് ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി നിർദേശിച്ച തത്വങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി, ഫീസ് നിർണയ സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്യേണ്ടത്.

മറ്റു പ്രധാന വാദങ്ങളിങ്ങനെ:

∙ സുപ്രീം കോടതിയാണ് ഫീസ് നിർണയ സമിതി രൂപീകരിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി അധ്യക്ഷനും വിദഗ്ധർ അംഗങ്ങളായുമുള്ള സമിതി നിയമപ്രകാരമാണു പ്രവർത്തിക്കുന്നത്. എന്നാൽ, സമിതിയംഗങ്ങൾക്കു വേറെ അജൻഡയുണ്ടോയെന്ന് പരിശോധിക്കണമെന്നാണു ഹൈക്കോടതി പറഞ്ഞത്. ഇതു കോടതിയുടെ മുൻവിധി വ്യക്തമാക്കുന്നു.

∙ സമിതിക്കല്ല, ദേശീയ മെഡിക്കൽ കമ്മിഷനാണ് ഫീസ് നിശ്ചയിക്കാൻ അധികാരമെന്നു ഹൈക്കോടതി വിലയിരുത്തി. എന്നാൽ, മാർഗരേഖ നൽകാൻ മാത്രമാണ് കമ്മിഷന് അധികാരം. ഈ വർഷത്തേക്കു മാർഗരേഖ തയാറാക്കിയിട്ടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

∙ സമിതി നിശ്ചയിച്ച പരമാവധി ഫീസായ 7.65 ലക്ഷം രൂപയാണ് ഈ വർഷം ആവശ്യപ്പെടുന്നതെന്നു 4 ക്രൈസ്തവ മാനേജ്മെന്റുകൾ അറിയിച്ചിട്ടുണ്ട്. സമിതി നിശ്ചയിച്ചതു ന്യായമായ ഫീസാണെന്ന് ഇതു വ്യക്തമാക്കുന്നു.

∙ കഴിഞ്ഞ 3 വർഷത്തെ ഫീസ് സംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവുകൾക്കെതിരായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതു കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മാനേജ്മെന്റുകൾ ഉന്നയിച്ച പ്രധാന ആവശ്യംതന്നെ ഇടക്കാല ഉത്തരവിലൂടെ അനുവദിച്ചു. നിയമപ്രകാരം അത് അനുവദനീയമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com