ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യയ്ക്കു ‘പ്രതീക്ഷ’ നൽകുന്ന വഴികളിലൂടെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തത്. വാക്സീന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മോദി പറഞ്ഞെങ്കിലും ഫെബ്രുവരിയോടെ തന്നെ ആദ്യ വാക്സീൻ ലഭ്യമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പ്രധാന വാക്സീൻ ഗവേഷണ–ഉൽപാദന കമ്പനികളിലൂടെ പ്രധാനമന്ത്രി ഇന്നലെ നടത്തിയ യാത്രയ്ക്കു പ്രാധാന്യമേറെ.

അഹമ്മദാബാദ്, രാവിലെ 9.30

നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ചാങ്കോദറിൽ സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ സൈഡസ് ബയോടെക്ക് പാർക്കിൽ ഒരു മണിക്കൂറോളം മോദി ചെലവിട്ടു. കമ്പനി മേധാവികളും ഗവേഷകരും പങ്കെടുത്ത യോഗവും നടന്നു. പിപിഇ കിറ്റ് ധരിച്ച് ഇവിടെ ബയോ റിയാക്ടർ റൂമുകളിലടക്കം എത്തി.

സൈകോവ്–ഡി

സൈകോവ്–ഡി എന്ന വാക്സീനാണ് സൈഡസ് കാഡില തയാറാക്കിയത്. മനുഷ്യരിൽ പരീക്ഷണം തുടരുന്ന ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സീൻ. ആദ്യ 2 ഘട്ടങ്ങളും പൂർത്തിയാക്കി മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി കാത്തിരിക്കുന്നു. ഡിസംബറിൽ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയാൽ മാർച്ചിൽ വാക്സീൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും.

ഹൈദരാബാദ്,ഉച്ചയ്ക്ക് 1.30

നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെ ഭാരത് ബയോടെക്കിന്റെ ജീനോംവാലിയിലെ പ്ലാന്റിലായിരുന്നു രണ്ടാം സന്ദർശനം. ബയോസേഫ്റ്റി ലെവൽ 3 സൗകര്യത്തോടു കൂടിയ ലോകത്തിലെ തന്നെ അപൂർവം പ്ലാന്റുകളിലൊന്നാണിത്.

കോവാക്സീൻ

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സീൻ ഭാരത് ബയോടെക്കിന്റേതാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നായിരുന്നു ഇത്. അവസാനഘട്ട ട്രയൽ നവംബർ 16നു തുടങ്ങി. 

22 കേന്ദ്രങ്ങളിലായി 26,000 പേരിൽ കൂടി പരീക്ഷിച്ചു ഫലപ്രദമായാൽ വിതരണാനുമതി.

പുണെ, വൈകിട്ട് 4.00

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നായ പുനെ സീറം ഇൻസ്റ്റിറ്റ്യൂ‌ട്ടിന്റെ ഹഡപ്സറിലെ പ്ലാന്റിലാണു മോദി എത്തിയത്. ‌അവലോകന യോഗത്തിനു ശേഷം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു. ട്രയൽ ഘട്ടത്തിൽ തന്നെ വാക്സീൻ ഉൽപാദനം തുടങ്ങിയതിനാൽ വാക്സീൻ സംഭരിച്ചിരിക്കുന്ന കോൾഡ് സ്റ്റോറേജ് പ്ലാന്റുകളും സന്ദർശിച്ചു.

കോവിഷീൽഡ്

ലോകരാജ്യങ്ങൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർവഹിക്കുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും 2 വാക്സീൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങും.

യാത്രയുടെ ലക്ഷ്യം

വാക്സീനു വേണ്ടിയുള്ള തയാറെടുപ്പ്, വെല്ലുവിളികൾ, വിവിധഘട്ടം എന്നിവ സംബന്ധിച്ചു നേരിട്ടു മനസ്സിലാക്കുകയാണു യാത്രയുടെ ലക്ഷ്യം. വാക്സീൻ ഗവേഷണത്തെ രാജ്യം ഗൗരവമായി കാണുന്നുവെന്ന് കമ്പനികളെ ബോധ്യപ്പെടുത്താനും ലഭ്യത ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ ഗവേഷണത്തിന്റെയും ഉൽപാദനത്തിന്റെയും വിശദാംശങ്ങൾ കമ്പനികൾ പങ്കുവച്ചു.  സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

– പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com