ADVERTISEMENT

ഹരിദ്വാർ ∙ ഉത്തരാഖണ്ഡിലെ പിന്നാക്ക വിഭാഗക്കാരുടെ സ്കോളർഷിപ് തട്ടിപ്പു പുറത്തുകൊണ്ടുവന്ന ദലിത് വിവരാവകാശ പ്രവർത്തകൻ പങ്കജ് ലാംബ (50) വെടിയേറ്റു മരിച്ചു. പങ്കജിന്റെ തന്നെ തോക്കിൽനിന്നു പതിനാറുകാരി അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ദുരൂഹത ആരോപിച്ചു പങ്കജിന്റെ ഭാര്യ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു. റാണിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തേരി വിസ്താപതി കോളനിയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം.

പെൺകുട്ടിയുടെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയതായിരുന്നു പങ്കജ്. തന്റെ കൈവശമുണ്ടായിരുന്ന 2 തോക്കിൽ ഒന്നു പെൺകുട്ടിക്കു കാണാൻ നൽകിയെന്നാണു വിവരം. ഇതിൽ ബുള്ളറ്റില്ലെന്നായിരുന്നു ധാരണ. നെഞ്ചിനു വെടിയേറ്റ പങ്കജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ സഹോദരിയും പങ്കജിന്റെ സുഹൃത്തുക്കളായ മാനവ്, കാസിം എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ, കൊലപാതകമാണെന്നും മാനവ്, കാസിം എന്നിവർക്കു പങ്കുണ്ടെന്നും ആരോപിച്ചാണു ഭാര്യ പരാതി നൽകിയത്. ഇവരുടെ ക്ഷണമനുസരിച്ചാണു പങ്കജ് പോയത്.

എസ്‍സി–എസ്ടി സ്കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നത് പങ്കജ് ലാംബയാണ്. ഹൈക്കോടതി ഇടപെടുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. കോളജ് മാനേജ്മെന്റുകളും സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും അറസ്റ്റിലായി. 2011–17 ൽ 7200 കോടി രൂപ അനുവദിച്ചതിൽ 350 കോടി തട്ടിയെന്നായിരുന്നു പങ്കജിന്റെ കണ്ടെത്തൽ.

English Summary: Dalit person killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com