ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ മുഖ്യപങ്കു വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ. ഇൻഡോറിൽ ബിജെപി സംഘടിപ്പിച്ച കർഷക സമ്മേളനത്തിനിടെയാണ് ‘രഹസ്യം വെളിപ്പെടുത്തുന്നു’ എന്ന മുഖവുരയോടെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

‘ഇതുവരെ പറയാത്ത ഒരു കാര്യം ഇനി പറയാം. കമൽനാഥ് സർക്കാരിനെ വീഴ്ത്തി ബിജെപി സർക്കാരിനെ കൊണ്ടുവന്നതിൽ വലിയ പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പലരും കരുതുന്നതു പോലെ ധർമേന്ദ്ര പ്രധാൻ അല്ല’ – കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വിജയ്‍വർഗിയ പറഞ്ഞു. 

ഇതോടെ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഭരണഘടനാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചത് എന്ന ആരോപണം കോൺഗ്രസ് ശക്തിപ്പെടുത്തി. ഇത്രയും കാലം കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നതിന് സ്ഥിരീകരണമാണ് ഇതോടെയുണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. 

വിജയ്‌വർഗിയ തമാശ രൂപത്തിൽ പറഞ്ഞതാണെന്നു പിന്നീടു മധ്യപ്രദേശിലെ നേതാക്കൾ വിശദീകരിച്ചെങ്കിലും ദേശീയ നേതൃത്വത്തിന് അതു രുചിച്ചിട്ടില്ലെന്ന് അറിയുന്നു. നേരത്തേ, മധ്യപ്രദേശിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ വിജയ്‍വർഗിയയുടെ മകനെതിരെ ബിജെപി നടപടി എടുത്തിരുന്നു. അത്തരക്കാരെ പാർട്ടിയിൽ വച്ചുകൊണ്ടിരിക്കരുതെന്നു ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com