ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെങ്കിൽ തങ്ങളതു ചെയ്യുമെന്നു സുപ്രീം കോടതി. എന്തു നടപടിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിലൂടെ അറിയിക്കും. വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണ് തങ്ങൾ ഇടപെടുന്നത്. കർഷകരും സർക്കാരുമായി ചർച്ചയ്ക്കു സമിതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിന് ഇനിയും സാവകാശം നൽകാനാവില്ലെന്നു പറഞ്ഞ കോടതി, അതിരൂക്ഷ ഭാഷയിലാണു കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ‘‘ചിലർ ആത്മഹത്യ ചെയ്തു. പ്രായം ചെയ്യന്നവരും സ്ത്രീകളും സമരം ചെയ്യുന്നു. എന്താണു സംഭവിക്കുന്നത് ? കോടതിയുടെ കൈകളിൽ രക്തം പുരളാൻ താൽപര്യപ്പെടുന്നില്ല. നിയമങ്ങൾ തൽക്കാലം മരവിപ്പിച്ചതുകൊണ്ട് എന്താണു കുഴപ്പം? നിയമങ്ങളെ അനുകൂലിച്ച് ഒരു ഹർജി പോലും ഞങ്ങളുടെ മുന്നിലില്ല’’– കോടതി പറഞ്ഞു. നിയമങ്ങൾ ഭരണഘടനാവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഏതാനും ഹർജികളാണ് കോടതി പരിഗണിച്ചത്.

സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരു നിർദേശിക്കാൻ കക്ഷികളോട് കോടതി ആവശ്യപ്പെട്ടു. അധ്യക്ഷനായി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ പേര് അഭിഭാഷകൻ ദുഷ്യന്ത് ദവെ നിർദേശിച്ചു. ഇക്കാര്യത്തിൽ മറുപടി പറയാമെന്നു സർക്കാർ വ്യക്തമാക്കി. കോടതിയുടേത് കടുത്ത പരാമർശങ്ങളാണെന്നും പ്രശ്നപരിഹാരത്തിന് ആവുന്നതെല്ലാം സർക്കാർ ചെയ്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, തങ്ങൾ ഇന്ത്യയുടെ സുപ്രീം കോടതിയാണെന്നും സ്വന്തം ജോലി ചെയ്യുമെന്നും ബെഞ്ച് പറഞ്ഞു.

സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയില്ല: കേന്ദ്രം

ന്യൂഡൽഹി ∙ നിയമങ്ങൾ സ്റ്റേ ചെയ്യാനുള്ള നീക്കത്തെ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ എതിർത്തു. ഇല്ലാത്ത അധികാരം പ്രയോഗിച്ചുവെന്നോ ഭരണഘടനാവിരുദ്ധമെന്നോ കണ്ടെത്തിയാൽ മാത്രമേ സുപ്രീം കോടതിക്കു നിയമം സ്റ്റേ ചെയ്യാനാകൂ. ദക്ഷിണേന്ത്യയിലെ കർഷകർ സമരം ചെയ്യാത്തത് നിയമങ്ങളുടെ മെച്ചം അറിയാവുന്നതിനാലാണെന്നും വാദിച്ചു. എന്നാൽ, പിരിമുറുക്കത്തിൽ അയവുവരാനും അക്രമം ഒഴിവാക്കാനും സ്റ്റേ സഹായകമാകുമെന്നു കോടതി പറഞ്ഞു. ചോര വീണാൽ ആർക്കായിരിക്കും ഉത്തരവാദിത്തം ? ഭരണഘടനാക്കോടതിയെന്ന നിലയ്ക്ക്, ജീവിക്കാനുള്ള അവകാശത്തിനുള്ള 21ാം വകുപ്പ് സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമരം ചെയ്യുന്നവരിൽ സ്ത്രീകളെയും പ്രായം ചെന്നവരെയും കുട്ടികളെയും മടങ്ങിപ്പോകാൻ പ്രേരിപ്പിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകരോടു കോടതി അഭ്യർഥിച്ചു. ഡൽഹി അതിർത്തിയിൽ നിന്ന് സമരവേദി മാറ്റണമെന്ന നിലപാടും സൂചിപ്പിച്ചു.

സ്റ്റേ പോരാ, നിയമം പിൻവലിക്കൂ: കർഷകർ

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്നും നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കോടതി ഇടപെടൽ വിശദമായി ചർച്ച ചെയ്യാൻ ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനകൾ ഇന്നു യോഗം ചേരും.

കേന്ദ്ര സർക്കാരിനെതിരായ കോടതിയുടെ രൂക്ഷ പരാമർശങ്ങളെ സ്വാഗതം ചെയ്ത കർഷകർ പക്ഷേ, പ്രക്ഷോഭം അവസാനിപ്പിക്കാൻ അതു മാത്രം പോരെന്ന നിലപാടിലാണ്. 

സ്റ്റേ താൽക്കാലിക നടപടിയേ ആകൂവെന്നു ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ് ഗുർനാം സിങ് ചദുനി പറഞ്ഞു. കേന്ദ്രം നിയമങ്ങൾ മരവിപ്പിച്ചാലും പ്രക്ഷോഭം അവസാനിപ്പിക്കില്ല. 15നു സർക്കാരുമായി നടത്തുന്ന ഒൻപതാം ചർച്ചയിൽ ഇക്കാര്യമറിയിക്കും.

English Summary : Put Farm Laws On Hold Or We Will Do It, Chief Justice Tells Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com