ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ ജല്ലിക്കെട്ട് ആവേശം തുടങ്ങി; രാഷ്ട്രീയത്തിലെ ജല്ലിക്കെട്ടായ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇന്നലെ തമിഴ് പുതുവർഷമായ പൊങ്കൽ ദിനത്തിൽ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ ‘കൂട്ടയിടി’ക്കും തുടക്കം.

പുത്തൻ കലത്തിൽ അരിയും ശർക്കരയും വേവിക്കുന്നതാണു പൊങ്കലിന്റെ പ്രധാന ചടങ്ങുകളിലൊന്ന്. ഇക്കുറി പൊങ്കൽ കലത്തിൽ രാഷ്ട്രീയവും തിളച്ചുതൂവി. മധുര അവനിയാപുരത്ത് ജല്ലിക്കെട്ടു മത്സര വേദിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗ്രാമീണർക്കൊപ്പം ‘പൊങ്കൽ’ കഴിച്ചാണു കളം പിടിച്ചത്. കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ കെട്ടുറപ്പു വിളിച്ചോതി, ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിനും രാഹുലിനൊപ്പം വേദിയിലെത്തി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാകട്ടെ, ചെന്നൈയിൽ പാർട്ടി സംഘടിപ്പിച്ച ‘നമ്മ ഊരു പൊങ്കൽ’ ആഘോഷത്തിൽ പങ്കെടുത്തു. മറ്റൊരിടത്ത്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗോ പൂജയും ക്ഷേത്ര ദർശനവുമായി ആഘോഷത്തിന്റെ ഭാഗമായി. ഇരുവരും എത്തിയതു തനി തമിഴ് സ്റ്റൈലിൽ മുണ്ടും വേഷ്ടിയുമണിഞ്ഞാണ്.

ഭാഷയും പാരമ്പര്യവും സംസ്കാരവും തമിഴ്നാട്ടിൽ എക്കാലത്തും തിരഞ്ഞെടുപ്പിൽ ചെലവാകുന്ന വിഷയങ്ങളാണ്. നീറ്റ് പരീക്ഷ, ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയങ്ങൾ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. ഇതിനെ പ്രതിരോധിക്കാനും ഉത്തരേന്ത്യൻ പാർട്ടിയെന്ന പ്രതിഛായ എങ്ങനെയും മാറ്റിയെടുത്തു വേരുറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണു നഡ്ഡയുടെയും ഭാഗവതിന്റെയും വരവ്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്തെ ജന്മഗ്രാമത്തിൽ നാട്ടുകാർക്കൊപ്പം പൊങ്കൽ കൊണ്ടാടിയപ്പോൾ, ശുചീകരണ തൊഴിലാളികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തായിരുന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ആഘോഷം.

കമൽഹാസന്റെ സ്ഥാനാർഥിത്വം, അണ്ണാഡിഎംകെയിലെ സമവാക്യങ്ങൾ കീഴ്മേൽ മറിക്കാൻ പ്രാപ്തിയുള്ള ശശികലയുടെ ജയിൽ മോചനം– മത്സരവേദിയിലേക്ക് ഇറക്കിവിടാൻ കാത്തുനിൽക്കുന്ന ജല്ലിക്കെട്ടു കാളയെപോലെയാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയം. കാളയെ മെരുക്കുന്ന വീരന്മാരായി രാഷ്ട്രീയക്കാർ കളംപിടിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com