ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ച ഏതാനും ജില്ലാ നേതൃത്വങ്ങളിൽ മാറ്റം അനിവാര്യമാണെന്നു കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിന് എഐസിസി സെക്രട്ടറിമാരുടെ റിപ്പോർട്ട്. ഏതാനും ഡിസിസികൾ അഴിച്ചുപണിയണമെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലഭിച്ചുവെന്നും സംസ്ഥാന നേതൃത്വവുമായി ഇതു സംബന്ധിച്ച് ഇന്നു ചർച്ച നടത്തുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തീരുമാനങ്ങൾ ഹൈക്കമാൻഡ് അടിച്ചേൽപിക്കില്ല. 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കു നിയോഗിച്ച സെക്രട്ടറിമാരായ പി.വിശ്വനാഥൻ, പി.വി.മോഹൻ, ഐവാൻ ഡിസൂസ എന്നിവരാണു റിപ്പോർട്ട് സമർപ്പിച്ചത്. അഴിച്ചുപണി ഡിസിസികളിൽ ഒതുക്കുമെന്നും കെപിസിസി നേതൃത്വത്തിൽ മാറ്റമുണ്ടാവില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറ‍‍ഞ്ഞു. ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നു താരിഖുമായി കൂടിക്കാഴ്ച നടത്തും.

തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, ജില്ലാ നേതൃത്വങ്ങളെ മാറ്റുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. എന്നാൽ, ഡിസിസി പ്രസിഡന്റുമാർ ഇരട്ടപ്പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ മാറ്റം ആവശ്യമാണെന്നാണു മുല്ലപ്പള്ളിയുടെ വാദം. സ്ഥാനാർഥിനിർണയം സംബന്ധിച്ച പ്രാരംഭചർച്ചകളും ഇന്നു നടക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ് അനുവദിക്കില്ലെന്നും എംപിമാരെ മത്സരരംഗത്തിറക്കില്ലെന്നും സംസ്ഥാന നേതൃത്വത്തെ ഹൈക്കമാൻഡ് അറിയിക്കും.

English Summary: Need leadership changes in some DCC; AICC Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com