ADVERTISEMENT

ന്യൂഡൽഹി∙ പ്രക്ഷോഭം അവസാനിപ്പിച്ചാൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചു. 

പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കർഷകർ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകൾ, നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നു വ്യക്തമാക്കി. ഇന്ന് 12നു വിജ്ഞാൻ ഭവനിൽ കേന്ദ്രവുമായി നടത്തുന്ന പതിനൊന്നാം ചർച്ചയിൽ സംഘടനാ നേതാക്കൾ ഇക്കാര്യം അറിയിക്കും. 

ഡൽഹി–ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനാ നേതാക്കൾ ഇന്നലെ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാൻ തീരുമാനിച്ചത്.

സമാന്തര പരേഡിൽ 5 ലക്ഷം കർഷകർ; ഒരു ലക്ഷം ട്രാക്ടർ

റിപ്പബ്ലിക് ദിനത്തിലെ സമാന്തര കിസാൻ പരേഡിൽ 5 ലക്ഷം കർഷകരും ഒരു ലക്ഷം ട്രാക്ടറുകളും അണിനിരക്കുമെന്നു സംഘടനകൾ. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതേസമയം, ട്രാക്ടറുകളുമായി ഡൽഹിയിലേക്കു കടക്കാൻ കർഷകരെ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആരു തടഞ്ഞാലും പരേഡ് നടത്തുമെന്നു പൊലീസുമായുള്ള ചർച്ചയിൽ കർഷകരും നിലപാടെടുത്തു. സുരക്ഷാ സേനാംഗങ്ങളുടെ പരേഡ് നടക്കുന്ന രാജ്പഥിലേക്കു തങ്ങൾ എത്തില്ലെന്നും അകലെയുള്ള റിങ് റോഡിലാണു പരേഡ് നടത്തുകയെന്നും കർഷകർ അറിയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. 

Content Highlights: Farmers to continue protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com