ADVERTISEMENT

ഗൂഡല്ലൂർ ∙ചെവി അറ്റുപോയി ചോര വാർന്ന നിലയി‍ൽ കണ്ടെത്തിയ കാട്ടാന ചരിയുന്നതിന് ഏതാനും ദിവസം മുൻപു സാരമായി പൊള്ളലേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രാത്രി ജനവാസ കേന്ദ്രത്തിലെ റിസോർട്ടിനു സമീപമെത്തിയ ആനയെ തുരത്താൻ തുണി കത്തിച്ച് എറിഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മുതുമല വന്യജീവിസങ്കേതത്തിലെ മാഹനഹള്ളിയിൽ   ചികിത്സിക്കാനായി മയക്കുവെടിവച്ചു പിടികൂടിയ കൊമ്പൻ ചരിഞ്ഞ സംഭവത്തിലാണു വഴിത്തിരിവ്. പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് വേദന സഹിക്കാനാവാതെ രണ്ടാഴ്ചയിലേറെയായി കാട്ടിലൂടെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം.  പെട്രോളിൽ മുക്കി കത്തിച്ച തുണി ചെവിയിൽ കുടുങ്ങി വെപ്രാളത്തോടെ ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നു മാഹനഹള്ളിയിലെ റിസോർട്ട് ഉടമ റെയ്മണ്ട് ഡീൻ (28), സഹായി പ്രശാന്ത്  (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ റിക്കുരായൻ ഒളിവിലാണ്. നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടർന്നു മസിനഗുഡി പഞ്ചായത്ത് അധികൃതർ ഇന്നലെ  റിസോർട്ട് അടച്ചുപൂട്ടി. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടതുചെവി അറ്റു രക്തം വാർന്ന നിലയിൽ കണ്ട ആനയെ  മസിനഗുഡി - സിങ്കാര റോഡിൽ വനംവകുപ്പ് മയക്കു വെടിവച്ചു തളച്ചത്. തുടർന്നു ചികിത്സയ്ക്കായി തെപ്പക്കാട് ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടെ ചരിഞ്ഞു. ചെവിയുടെ ഭാഗത്ത് ആഴത്തിൽ പൊള്ളലേറ്റതായാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികിൽ  കണ്ടെത്തി. കാട്ടാനകളെ തുരത്താൻ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിർത്തിഗ്രാമങ്ങളിൽ പതിവാണ്. ഈ മാസം മൂന്നിനു രാത്രിയാണ്  ആന റിസോർട്ടിനു സമീപമെത്തിയതും തുണി കത്തിച്ചെറിഞ്ഞതും. ആന തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. ഒരു മാസം മുന്‍പ് ഈ ആനയുടെ മുതുകില്‍  പരുക്കേറ്റിരുന്നു.

English Summary: Wild elephant inadvertently set on fire in Masinagudi, dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com