ADVERTISEMENT

ചെന്നൈ ∙ സ്വന്തമായി മേൽവിലാസമില്ലാത്ത സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളിൽ നിന്നു പ്രമുഖരെ ചാക്കിട്ടു കളം പിടിക്കുന്ന തന്ത്രം പുതുച്ചേരിയിലും പയറ്റി ബിജെപി. കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനും മുൻ പിസിസി അധ്യക്ഷനുമായ എ. നമശിവായം ഉൾപ്പെടെ 2 എംഎൽഎമാർ ഇതിനകം ബിജെപിയിൽ ചേർന്നു കഴിഞ്ഞു. ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഇന്നെത്തുമ്പോൾ കൂടുതൽപേർ ചേരുമെന്നാണു നേതാക്കളുടെ അവകാശവാദം. 

അതേസമയം, ഒറ്റയ്ക്കു മത്സരിച്ച് കഴിഞ്ഞ തവണ 3% മാത്രം വോട്ടു നേടിയ പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി നീക്കത്തിൽ സഖ്യകക്ഷികൾ അസ്വസ്ഥരാണ്. 3 നോമിനേറ്റഡ് അംഗങ്ങളുൾപ്പെടെ 33 അംഗങ്ങളാണു നിയമസഭയിൽ. നിലവിൽ കോൺഗ്രസ് – 12, ഡിഎംകെ – 3, മാഹിയിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ – 1 എന്നിങ്ങനെയാണു ഭരണ മുന്നണിയുടെനില. എൻആർ കോൺഗ്രസ് – 7, അണ്ണാഡിഎംകെ– 4, ബിജെപി– 3 (നോമിനേ‌റ്റഡ്) സഖ്യമാണു പ്രതിപക്ഷത്ത്. 3 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 

സംസ്ഥാനത്തു കോൺഗ്രസ് ഇപ്പോഴും പ്രബലശക്തിയാണ്. ദ്രാവിഡ പാർട്ടികൾക്കും അടിത്തറയുണ്ട്. തമിഴ്നാട്ടിലേതു പോലെ ബിജെപി ദുർബലം.  2016ൽ കിരൺ ബേദിയെ ലഫ്.ഗവർണറായി കേന്ദ്രം നിയോഗിച്ചതു തന്നെ ചിലതു മുന്നിൽകണ്ടാണ്. 3 ബിജെപി നേതാക്കളെ ലഫ്. ഗവർണറുടെ ക്വോട്ടയിൽ നോമിനേറ്റ് ചെയ്യുകയായിരുന്നു ബേദിയുടെ ആദ്യ നടപടി. സംസ്ഥാന സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയ കിരൺ ബേദിയുമായുള്ള അധികാരത്തർക്കം സുപ്രീം കോടതി വരെയെത്തി.

പുതുച്ചേരിയിലെ പ്രധാന തടസ്സമായി ബിജെപി വിലയിരുത്തിയതു ജനസ്വാധീനമുള്ള നേതാക്കളുടെ അഭാവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലേക്കു നയിച്ചതു പാർട്ടി അധ്യക്ഷൻ നമശിവായമാണ്. എന്നാൽ, മുഖ്യമന്ത്രിക്കസേര ലഭിച്ചതു ഡൽഹിയിൽ സ്വാധീനമുള്ള വി. നാരായണസാമിക്ക്. ഡിഎംകെ, എംഡിഎംകെ, തമിഴ്മാനില കോൺഗ്രസ് വഴി കോൺഗ്രസിലെത്തിയ നമശിവായം, പുതുച്ചേരി രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളറിയുന്ന നേതാവാണ്; വണ്ണിയർ സമുദായാംഗവും.

അതേസമയം, 7 എംഎൽഎമാരുള്ള എൻആർ കോൺഗ്രസ് ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപിക്കു കീഴിൽ ഒതുങ്ങാൻ തയാറാകില്ല. പാർട്ടി നേതാവ് രംഗസാമി 2 തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. ഒറ്റയ്ക്കു മത്സരിക്കാനാണ് ഒരുങ്ങുന്നതെന്നു ബിജെപി പറയുന്നതും പ്രതിപക്ഷ മുന്നണിയിലെ ഈ അസ്വാരസ്യം കൊണ്ടുതന്നെ. 

Content Highlights: BJP politics in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com