ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം. 24ന് അർധരാത്രി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.

2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്. അതിർത്തിയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കർശനമായി പാലിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. സമാധാനം തകർക്കുന്നതും അക്രമത്തിലേക്കു നയക്കുന്നതുമായ സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

വെടിനിർത്തലിന്റെ സാധ്യതകൾ പരിശോധിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ദേശീയ സുരക്ഷാ വിഭാഗം സ്പെഷൽ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു. യൂസഫും ഈയിടെ നടത്തിയ അനൗദ്യോഗിക ചർച്ചകളുടെ തുടർച്ചയായിട്ടായിരുന്നു സേനാതല ചർച്ചകൾ.

അതിർത്തിയിൽ ഇനി ?

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതിർത്തിയിൽ ഇന്ത്യയുടെ സേനാ സന്നാഹം നിലവിലെ രീതിയിൽ തുടരും. നുഴഞ്ഞുകയറാൻ ഭീകരർ ഇനിയും ശ്രമിക്കുമെന്നതിനാൽ അതിർത്തിയിലുടനീളം കർശന ജാഗ്രത പാലിക്കും.

ഇരു സേനകളും തമ്മിൽ ഭാവിയിലുണ്ടായേക്കാവുന്ന സംഘർഷങ്ങൾ ഹോട്‍ലൈൻ (നേരിട്ടുള്ള ഫോൺ ബന്ധം) വഴിയുള്ള ആശയവിനിമയത്തിലൂടെയും അതിർത്തിയിലെ സേനാതല ചർച്ചകളിലൂടെയും (ഫ്ലാഗ് മീറ്റിങ്) പരിഹരിക്കാൻ ശ്രമിക്കും. പാക്ക് സേന ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

2020ൽ ലംഘനം 5133 തവണ

2020 ൽ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 5133 തവണ. കരാർ നിലവിൽ വന്ന 2003നു ശേഷം ഏറ്റവുമധികം തവണ അതു ലംഘിക്കപ്പെട്ട വർഷവുമിതാണ്. ഇന്ത്യയുടെ 24 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു; 22 ഗ്രാമീണരും കൊല്ലപ്പെട്ടു. പാക്ക് ഷെല്ലാക്രമണത്തിൽനിന്നു രക്ഷപ്പെടാൻ അതിർത്തി മേഖലകളിലെ ഗ്രാമീണർക്കായി 14,000 ഭൂഗർഭ ബങ്കറുകൾ സേന നിർമിച്ചിട്ടുണ്ട്. ഭൂരിഭാഗവും രജൗരി, പൂഞ്ച്, സാംബ ജില്ലകളിലാണ്.

English summary: India, pakistan army agrees for cease fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com