ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഹകരിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചു സിപിഎം കേന്ദ്ര നേതൃത്വം. സിദ്ദീഖിയുടെ പാർട്ടിക്കു മതേതര മുഖമാണെന്ന കാര്യത്തിൽ സിപിഎം ബംഗാൾ ഘടകത്തിനു വ്യക്തതയുണ്ട്.

അവർ നൽകിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധാരണയിൽ മത്സരിക്കാൻ അനുമതി നൽകിയത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്നും മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം മനോരമയോടു പ്രതികരിച്ചു.

അതേസമയം, ഐഎസ്എഫുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ എതിർത്ത മുതിർന്ന നേതാവ് ആനന്ദ് ശർമയ്ക്കു മറുപടിയുമായി ബംഗാൾ പിസിസി പ്രസി‍ഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കോൺഗ്രസ് നേതാക്കൾ സഹായിക്കരുതെന്ന് അധീർ പറഞ്ഞു. 

ഹൈക്കമാൻഡിന്റെ അനുമതിയില്ലാതെയാണ് ഐഎസ്എഫുമായി കൈകോർത്തതെന്ന ശർമയുടെ ആരോപണം അധീർ തള്ളി. 

മോദി റാലി 26

ന്യൂഡൽഹി ∙ ബംഗാളിലും അസമിലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 26 തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുക്കും. ഇരു സംസ്ഥാനങ്ങളിലും ഈ മാസം 27നു നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്നലെ ഇറങ്ങി.

ബംഗാളിൽ 20 റാലികളിലും അസമിൽ 6 എണ്ണത്തിലുമാണ് മോദി പ്രസംഗിക്കുക. ബംഗാളിലെ ആദ്യ റാലി 7നു കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലാണ്.

2 സംസ്ഥാനത്തും മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്നു പാർട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. 

ബംഗാളിലെ 23 ജില്ലകളും 20 റാലികളിലായി ഉൾപ്പെടുത്തും. 6 റാലികളിൽ അസമിലെ 33 ജില്ലകളിലെ പ്രവർത്തകരെയും പങ്കെടുപ്പിക്കും.

ബംഗാളിലെ മുന്നൊരുക്കങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും പലവട്ടം സംസ്ഥാനത്തെത്തിയിരുന്നു. ഇരുവരും ഇന്നു കൊൽക്കത്തയിലെത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com