ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ ആദ്യ ഡോസും രണ്ടാം ഡോസും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നെടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടാം ഡോസിനുള്ള തീയതിയിൽ നേരിയ മാറ്റം വരുന്നതു പ്രശ്നമല്ലെന്നും മന്ത്രാലയം അറിയിച്ചു.

കോവിൻ പോർട്ടൽ വഴി വാക്സീൻ സ്വീകരിക്കുമ്പോൾ, ആദ്യ ഡോസ് സ്വീകരിച്ച അതേ കുത്തിവയ്പു കേന്ദ്രം തന്നെയായിരിക്കും രണ്ടാം ഡോസിനും. എന്നാൽ, രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോർട്ടലിൽ അതിനു വഴിയുണ്ട്. തീയതിയും മാറ്റാൻ കഴിയും– കോവിഡ് കുത്തിവയ്പിനുള്ള സമിതി അധ്യക്ഷൻ ആർ.എസ്. ശർമ പറഞ്ഞു.

ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിച്ച പ്രമുഖരിൽ കേന്ദ്ര–സംസ്ഥാന മന്ത്രിമാർ മുതൽ സിനിമ–ക്രിക്കറ്റ് രംഗത്തെ പ്രമുഖർ വരെ ഉൾപ്പെടുന്നു. ഒന്നരക്കോടി പേർക്ക് ഇതുവരെ വാക്സീൻ നൽകി. കോവിൻ പോർട്ടലിൽ 2 ദിവസത്തിനിടെ അരക്കോടിയിലധികം ആളുകൾ റജിസ്റ്റർ ചെയ്തു. കർണാടക, തമിഴ്നാട്, ഗുജറാത്ത്, ലഡാക്ക്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ റജിസ്റ്റർ ചെയ്ത മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും വാക്സീൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലക്ഷദ്വീപ്, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും 90 ശതമാനത്തിലധികം ആളുകൾക്ക് വാക്സീൻ നൽകി. 

കോവിഡ് മുന്നണി പോരാളികൾക്കെല്ലാം വാക്സീൻ നൽകിയ ഏക സംസ്ഥാനം ഗുജറാത്താണ്. മധ്യപ്രദേശ് 95% പൂർത്തിയാക്കി. കേരളം 75% പോലും പൂർത്തിയാക്കിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com