ADVERTISEMENT

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കൊടികൾ മുട്ടിയുരുമ്മി പറക്കുന്നു. ഇരു പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും തോളിൽ കയ്യിട്ടു വർത്തമാനം പറയുന്നു. കേരളത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഇതൊരു അപൂർവ കാഴ്ചയാണ്.

ബംഗാളിൽ ഇതൊരു അത്യാവശ്യമായിരുന്നോ? ചോദിച്ചത് നിയമസഭയിലെ സിപിഎം കക്ഷി നേതാവ് സുജൻ ചക്രവർത്തിയോടാണ്. ‘‘ബിജെപിയെയും കൂട്ടരെയും തടയാൻ അത്തരം തിരഞ്ഞെടുപ്പു സഖ്യമാകാമെന്നു പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അത് ബിജെപിക്കൊപ്പം തന്നെ അപകടമായി മാറിയ തൃണമൂൽ കോൺഗ്രസിനും എതിരെയാണ്. ഇങ്ങനെയൊരു സാഹചര്യം ബംഗാളിനും പരിചിതമല്ല. പക്ഷേ, അങ്ങനെ ചെയ്യേണ്ടിവരുന്നു’’ – സുജൻ വിശദീകരിച്ചു.

ഇന്ധന വിലക്കയറ്റത്തിനെതിരെ കൊൽക്കത്ത നഗരത്തിലെ ഇന്റലി മാർക്കറ്റിൽനിന്നു തുടങ്ങുന്ന ഇടത് – കോൺഗ്രസ് റാലിക്ക് എത്തിയതാണ് അദ്ദേഹം.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബിമൻ ബോസും കേന്ദ്ര കമ്മിറ്റിയംഗം രബിൻ ദേബുമൊക്കെയുണ്ട് പദയാത്രയ്ക്ക്. സൈക്കിൾ റിക്ഷയിൽ കയറ്റിയ ഗ്യാസ് സിലിണ്ടറിന്റെ കൂറ്റൻ രൂപം മുന്നിൽ നീങ്ങി. മൂന്നര കിലോമീറ്റർ എത്തിയപ്പോഴാണു റാലി അവസാനിച്ചത്.

81 വയസ്സുള്ള ബിമൻ ബോസ് അപ്പോഴേക്കും തളർന്നു പോയി. ഇരിക്കണമെന്നു പറഞ്ഞപ്പോൾ അടുത്തുള്ള കടയിൽനിന്നു വേഗം ഇരിപ്പിടം വന്നു. ബിമൻ ബോസ് കിതപ്പടക്കിയ ശേഷം ജൂബയുടെ പോക്കറ്റിലെ ഡപ്പിയിൽനിന്ന് ഒരു ഗ്രാമ്പൂ എടുത്തു ചവച്ചു. ചാനലുകൾ വട്ടമിട്ടു.

ഒപ്പം വണ്ടിയിൽ കയറിയാൽ സംഭാഷണം തുടരാമെന്നു സുജൻ ചക്രവർത്തി. ജാദവ്പുർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുകയാണ്. അവിടെ കുറച്ചു ജോലിയുണ്ട്. വാഹനത്തിലിരുന്ന് അദ്ദേഹം പുതിയ ബംഗാൾ രാഷ്ട്രീയം വിശദീകരിച്ചു.

sujan
സുജൻ ചക്രവർത്തി

‘‘ബിജെപിയെക്കാൾ മുൻപേ മര്യാദയില്ലാത്ത രാഷ്ട്രീയം തുടങ്ങിയതു തൃണമൂലാണ്. മറ്റു പാർട്ടികളിൽനിന്ന് ആളുകളെ കൂറുമാറ്റുന്നു. ഒരു ഭരണം മറിച്ചിടാനോ അധികാരം പിടിക്കാനോ അല്ലെന്നോർക്കണം. അവർ അധികാരത്തിലുള്ളവരാണ്. പ്രതിപക്ഷത്തെ അപ്പാടെ ഇല്ലാതാക്കാനാണത്. ബിജെപിയും അതുതന്നെ തുടരുന്നു. കേരളത്തിൽനിന്നു വരുന്ന നിങ്ങൾക്ക് ഇതൊന്നും പരിചയമുണ്ടാവില്ല. ഞങ്ങൾക്കും അങ്ങനെ തന്നെ.’’

ഇടതു വോട്ടുകളും ബിജെപിയിലേക്കു പോകുന്നുണ്ടോ ?

കുടുംബങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുന്ന സാഹചര്യമായി. കുറേപ്പേർ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നുണ്ട്. പക്ഷേ, കുറച്ച് അനുഭാവികൾക്ക് പരസ്യമായി നിൽക്കാൻ കഴിയുന്നില്ല. തൃണമൂലിനോ ബിജെപിക്കോ കീഴടങ്ങേണ്ടി വരുന്നു. ആ പാർട്ടികളുടെ ഇടപെടൽ കാരണം ഒറ്റപ്പെടുന്നവരെ സംരക്ഷിക്കാൻ ഞങ്ങൾക്കും കഴിയാത്ത പ്രശ്നമുണ്ട്.

അതാണോ ഇടതുപക്ഷം കൂടുതൽ ദുർബലമായത്?

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18% വോട്ട് നേടി. ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ അനൗദ്യോഗികമായ സഖ്യമുണ്ടായതോടെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതു 10% ആയി. പക്ഷേ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം നരേന്ദ്ര മോദി തുടരണോ വേണ്ടയോ എന്നതായിരുന്നു. ബംഗാളിലെ സാഹചര്യത്തിൽ‍ ബിജെപിയോ തൃണമൂലോ എന്നു മാത്രം അവർ ചിന്തിച്ചു.

മമത അധികാരത്തിൽ തിരിച്ചെത്തുമെന്നു ചില സർവേ ഫലങ്ങളുണ്ടല്ലോ ?

ത്രിശങ്കു സഭയായിരിക്കുമെന്നു പറയുന്നവരുമുണ്ട്. അത് ഏറെക്കുറെ ശരിയാണ്. തൃണമൂലും ബിജെപിയും 100 ൽ ഏറെ സീറ്റ് നേടിയേക്കാം. പക്ഷേ, സുരക്ഷിത ഭൂരിപക്ഷം ആർക്കും കിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com