ADVERTISEMENT

ന്യൂഡൽഹി ∙ സംവരണം പരമാവധി 50% എന്നു നിർദേശിച്ച 1992 ലെ വിധി പുനഃപരിശോധിക്കണമോയെന്നു വ്യക്തമാക്കാൻ സംസ്ഥാനങ്ങളോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഇല്ലാതാക്കിയ 102–ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചും സംസ്ഥാനങ്ങൾ നിലപാടറിയിക്കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും മറാഠ വിഭാഗത്തിനു സംവരണം അനുവദിച്ച് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നടപടി. കേസിൽ ഈ മാസം 15 മുതൽ വാദം തുടരും. 

തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലൊഴികെ സംവരണം 50% കവിയരുതെന്നാണ് 1992 ൽ ഇന്ദിര സാഹ്നി കേസിന്റെ (മണ്ഡൽ കമ്മിഷൻ കേസ്) വിധിയിൽ ഒൻപതംഗ ബെഞ്ച് വ്യക്തമാക്കിയത്. പിന്നീടുണ്ടായ ഭരണഘടനാ ഭേദഗതികളും കോടതിവിധികളും സാമൂഹിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും പരിഗണിക്കുമ്പോൾ, 1992 ലെ വിധി പതിനൊന്നംഗ ബെഞ്ചിന്റെ പരിശോധനയ്ക്കു വിടണമോയെന്നാണ് കോടതിയുടെ ചോദ്യം. 

2018 ഓഗസ്റ്റിൽ പ്രാബല്യത്തിലായ102–ാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാപദവി നൽകി. ഒപ്പം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കി. പിന്നാക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കും പട്ടിക പരിഷ്കരിക്കാൻ പാർലമെന്റിനുമാണ് ഇപ്പോൾ അധികാരം. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമോയെന്നതാണ് കോടതി പരിഗണിക്കുന്ന മറ്റൊരു ചോദ്യം. സംസ്ഥാനങ്ങളുടെ നിലപാടു ചോദിക്കണമെന്ന് അറ്റോണി ജനറൽ കെ.െക. വേണുഗോപാലും മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുകുൾ റോഹത്ഗിയും ആവശ്യപ്പെട്ടു. 

English Summary: Supreme Court on mandal case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com