ADVERTISEMENT

ഗുവാഹത്തി ∙ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചതോടെ അസമിൽ ബിജെപിയുടെ തുടർഭരണ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു.ബംഗാളിൽ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമിൽ പാർട്ടിക്കു കയ്ക്കുന്ന സ്ഥിതിയാണ്. നിയമം നടപ്പായാൽ ബംഗ്ലദേശിൽ നിന്നു ഹിന്ദുക്കൾ വലിയ തോതിൽ അസമിലെത്തുമെന്നാണ് വിമർശനം.

നിയമം നടപ്പാക്കില്ലെന്നാണു കോൺഗ്രസിന്റെ വാഗ്ദാനം. ഇതിനു പുറമേ, 4 ഉറപ്പുകൾകൂടി കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്: 5 വർഷംകൊണ്ട് 5 ലക്ഷം പേർക്ക് തൊഴിൽ, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 365 രൂപ അടിസ്ഥാന കൂലി, എല്ലാ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രൂപംകൊണ്ട 2 കക്ഷികൾ– അസം ജാതീയ പരിഷത്തും റെയ്ജോർ ധളും– ത്രികോണ മൽസരത്തിനു കളമൊരുക്കുന്നതും അസം രാഷ്ട്രീയത്തെ സങ്കീർണമാക്കുന്നു.

പുറത്തുമാത്രമല്ല, അകത്തും ബിജെപി മൽസരം നേരിടുകയാണ്. മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിലാണ് മൽസരം. ആർഎസ്എസിനും പ്രധാനമന്ത്രിക്കും സൊനോവാൾ സ്വീകാര്യനാണ്. ഹിമന്ദയ്ക്കാണ് അമിത് ഷായുടെ വോട്ട്.

2016 ൽ ബിജെപിക്ക് 60 സീറ്റ് ലഭിച്ചു. ഇത്തവണ അത് 50ൽ ഒതുക്കാൻ കോൺഗ്രസിൽനിന്നെത്തിയ ഹിമന്ത ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം. സീറ്റു കുറവെങ്കിൽ മറ്റു പാർട്ടികളിൽനിന്ന് എംഎൽഎമാരെ അടർത്താൻ തനിക്കുള്ള മിടുക്ക് പ്രയോഗിച്ച് പ്രധാനിയാവാമെന്നാണത്രേ ഹിമന്ത കരുതുന്നത്. ‘പ്രതീക്ഷയായി ഹിമന്ത വരുന്നു’വെന്നാണ് കഴിഞ്ഞ ദിവസം ഹിമന്ത ട്വിറ്ററിൽ പങ്കുവച്ച ഗാനം തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്നു രാജിവച്ചവരിൽ മന്ത്രി സും റംഗെയ് കോൺഗ്രസിൽ ചേർന്നു. സ്വതന്ത്രനായി മൽസരിക്കുമെന്നാണ് വർഗീയ പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ എംഎൽഎ ശിലാദിത്യ ദേവിന്റെ പ്രസ്താവന. സീറ്റ് 30 ൽ നിന്ന് 26 ആയി കുറഞ്ഞതിനാൽ സഖ്യകക്ഷി അസം ഗണ പരിഷത്തിനും ബിജെപിയോട് അമർഷമുണ്ട്.

എഐയുഡിഎഫിനെതിരെയാണ് ബിജെപി അമ്പുകളേറെയും തൊടുക്കുന്നത്. എന്നാൽ, ബദ്റുദ്ദീൻ അജ്മലിന്റെ പാർട്ടി അതിനെ തടുക്കുന്നത് മര്യാദയുള്ള സഖ്യകക്ഷിയെന്ന മെയ്‌വഴക്കം കാട്ടിയാണ്. കഴിഞ്ഞ തവണ 74 സീറ്റിൽ മൽസരിച്ച് 13 ൽ ജയിച്ച എഐയുഡിഎഫ് ഇത്തവണ മഹാസഖ്യത്തിൽ 21 സീറ്റിൽ തൃപ്തരാണ്. 

കഴിഞ്ഞ തവണ 13.05% വോട്ട് നേടിയ പാർട്ടിയുമായുള്ള കൂട്ടുകെട്ട് മൊത്തത്തിൽ ഗുണമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

English Summary: 12 BJP leaders in Assam quits party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com