ADVERTISEMENT

ന്യൂഡൽഹി ∙ കോവിഷീൽഡിന്റെ രണ്ടാം ഡോസ് 4 ആഴ്ചയ്ക്കു പകരം 6 ആഴ്ചയാക്കി ദീർഘിപ്പിക്കുന്നത്, വാക്സീന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്.

ആദ്യ ഡോസിനു ശേഷം 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം.

എന്നാൽ രണ്ടാം ഡോസ് 6 ആഴ്ചയോ അതിലധികമോ വരെ താമസിപ്പിച്ചപ്പോൾ വാക്സീന്റെ കാര്യക്ഷമത മെച്ചപ്പെട്ടതായി, ഓക്സ്ഫഡ് കോവിഡ് വാക്സീൻ ട്രയൽ ഗ്രൂപ്പ് ബ്രിട്ടനിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമായി 17,178 ആളുകളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തി.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും‌ ചേർന്നു വികസിപ്പിച്ച്, ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച് കോവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്യുന്ന വാക്സീന്റെ രണ്ടാം ഡോസ് ആണ് താമസിപ്പിക്കാൻ തീരുമാനമായത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീന് ഇതു ബാധകമല്ല.

രണ്ടാം ‍ഡോസ് താമസിപ്പിക്കുന്നത് കോവിഷീൽഡിന്റെ കാര്യക്ഷമത 55.1 ശതമാനത്തിൽ‌ നിന്ന് 81.3% വരെ വർധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

6 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് ലഭിച്ചവരിൽ വാക്സീന്റെ കാര്യക്ഷമത 55.1 ശതമാനമായിരുന്നത് 6 മുതൽ 8 ആഴ്ച വരെയുള്ള കാലയളവിൽ 59.7% വരെയായി. 9 മുതൽ 11 ആഴ്ച വരെ ഇത് 63.7 ശതമാനമായി, 12 ആഴ്ച ആയപ്പോഴേക്കും 81.3% വരെയായി കണ്ടെത്തി.

രോഗലക്ഷണമുള്ളവർ, ഇല്ലാത്തവർ, മറ്റു രോഗങ്ങളുള്ളവർ ഇല്ലാത്തവർ തുടങ്ങി 6 തരം ആളുകളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. 

എല്ലാത്തരം ആളുകളിലും രണ്ടാം ഡോസ് താമസിപ്പിക്കുന്നത് വാക്സീന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വാക്സീൻ നൽകിത്തുടങ്ങിയശേഷം നടത്തിയ പഠനമായതിനാൽ ലബോറട്ടറി ഫലത്തേക്കാൾ സ്വീകാര്യമായ കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥന്മാർ പറഞ്ഞു.

വാക്സീൻ വിതരണ കാര്യത്തിൽ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിൽ നയപരമായ 2 മാർഗങ്ങളാണുള്ളതെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഒന്ന്, കുറച്ചുപേർക്ക് ചുരുങ്ങിയ കാലത്തെ ഇടവേളയിൽ 2 ഡോസും നൽകുക. രണ്ട്, കൂടുതലാളുകൾക്ക് ആദ്യ ഡോസ് നൽകിയശേഷം രണ്ടാം ഡോസ് താമസിപ്പിക്കുക. 

കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ രണ്ടാമത്തേതാണ് അഭികാമ്യമെന്ന് ലാൻസെറ്റ് ജേണൽ റിപ്പോർട്ടിലും സൂചിപ്പിച്ചിട്ടുണ്ട്.

വാക്സീൻ സ്വീകരിക്കാൻ ശരീരത്തെ തയാറാക്കുകയാണ് ആദ്യ ഡോസ് ചെയ്യുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ തിരിച്ചറിയുന്നതെങ്ങനെയെന്ന് ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുകയാണ്. രണ്ടാം ഡോസ് ആണ് യഥാർഥ പ്രതിരോധശേഷി നൽകുന്നത്. രണ്ടാം ഡോസ് നൽകാതെ പ്രതിരോധശേഷി ഉണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com