ADVERTISEMENT

ന്യൂഡൽഹി ∙ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വീണ്ടും മലയാളത്തിളക്കം. 2019 ലെ ദേശീയ പുരസ്കാരങ്ങളിൽ 13 എണ്ണം മലയാളികൾക്ക്. മികച്ച ചിത്രമുൾപ്പെടെ (സ്വർണ കമലവും രണ്ടര ലക്ഷം രൂപയും) 3 പുരസ്കാരങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്രകഥാപാത്രമായ മരക്കാറിനാണ്.

നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം (സ്വർണ കമലവും ഒന്നേകാൽ ലക്ഷം രൂപയും) ഹെലൻ എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യർ കരസ്ഥമാക്കി. തമിഴ് നടൻ ധനുഷ് (അസുരൻ), ബോളിവുഡ് താരം മനോജ് ബാജ്പേയ് (ഭോൻസ്‌ലെ) എന്നിവർ മികച്ച നടനുള്ള രജത കമലം പങ്കിട്ടു. മണികർണിക, പംഗ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു കങ്കണാ റനൗട്ട് മികച്ച നടിയായി. സജിൻബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ക്കു പ്രത്യേക പരാമർശമുണ്ട്.

9 വർഷത്തിനു ശേഷമാണു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വീണ്ടും മലയാളത്തിലെത്തുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശൻ മരക്കാറിലെ സ്പെഷൽ ഇഫക്ടിനുള്ള പുരസ്കാരം നേടി. 

priyadarshan-sidhardh
മരക്കാറിലെ സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയ സിദ്ധാർഥ്, പിതാവ് പ്രിയദർശനൊപ്പം ചെന്നൈയിലെ വീട്ടിൽ.

കവി പ്രഭാവർമയാണു മികച്ച ഗാനരചയിതാവ് (കോളാമ്പി എന്ന സിനിമയിലെ ആരോടും  പറയുക വയ്യ). ജല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ മികച്ച ഛായാഗ്രാഹകനായി. 

മരയ്ക്കാറിലെ വസ്ത്രാലങ്കാരത്തിനു സുജിത്ത് സുധാകരൻ, വി. സായ് എന്നിവർക്കും പുരസ്കാരമുണ്ട്. ഹെലനിലെ മേക്കപ്പിനു രഞ്ജിത് അമ്പാടിയും ദേശീയ അവാർഡ് നേടി.

രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘കള്ളനോട്ടം’ ആണ് മികച്ച മലയാളം സിനിമ. റീ റെക്കോർഡിങ് പുരസ്കാരം റസൂൽ പൂക്കൂട്ടിക്കാണ് (ഒത്ത സെരുപ്പു സൈസ് - 7, തമിഴ്). പണിയ ഭാഷയിൽ മനോജ് കാനയുടെ ‘കെഞ്ചിര’ മികച്ച ചിത്രമായി. കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘ഒരു പാതിര സ്വപ്നം പോലെ’ ഫീച്ചർ ഇതര വിഭാഗത്തിൽ മികച്ച കുടുംബമൂല്യ ചിത്രമായി. മലയാളിയായ വിപിൻ വിജയിയുടെ ‘സ്മോൾ സ്കെയിൽ സൊസൈറ്റീസ്’ നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. ‘ബഹ്തർ ഹൂറെ‌യ്ൻ’ എന്ന  ഹിന്ദി സിനിമയിലൂടെ സഞ്ജയ് പുരൻ സിങ് ചൗഹാൻ മികച്ച സംവിധായകനുള്ള സ്വർണ കമലം നേടി. സിക്കിമാണു മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com