ADVERTISEMENT

നടി ശ്രീപ്രിയയെ ഓർമയില്ലേ? എഴുപതുകളിലും എൺപതുകളിലും തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം സൂപ്പർഹിറ്റ് നായിക. കമൽഹാസന്റെയും രജനീകാന്തിന്റെയും നായികയായി ഡസൻകണക്കിനു പടങ്ങൾ – ആടു പുലി ആട്ടം, അന്നൈ ഒരു ആലയം, ആട്ടുക്കാര അലമേലു...

മൈലാപ്പൂരിൽ ജനിച്ച ശ്രീപ്രിയയുടെ യഥാർഥ പേരും അലമേലു. അന്ത അലമേലു മൈലാപ്പൂരിൻ മകൾ എന്ന വിശേഷണവുമായി, കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥിയാണിപ്പോൾ.

തന്റേടിയായ നായികയായി എത്തിയ ‘അവൾ അപ്പടിത്താൻ’ പടത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീപ്രിയ, 22 ഫീമെയിൽ കോട്ടയം തമിഴിൽ മാലിനി 22 പാളയംകോട്ട എന്ന പേരിലും ദൃശ്യം തെലുങ്കിലും സംവിധാനം ചെയ്തു.

Sripriyaoldmovie
കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിൽ ശ്രീപ്രിയ.

തന്റേടിയുടെ ചെറിയൊരു മിന്നലാട്ടം മൈലാപ്പൂരിലെ ലസ് കോർണറിൽ കണ്ടു. പ്രചാരണ ജീപ്പിൽ മാസ്ക്കും ഷീൽഡും വച്ചാണു ശ്രീപ്രിയയുടെ നിൽപ്. മനോരമയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ജീപ്പിന്റെ ചവിട്ടുപടിയിൽ കയറാൻ ആവശ്യപ്പെട്ടു. ഏതോ കുട്ടിനേതാവ് വിലക്കിയപ്പോൾ കൈകൊണ്ട് ആംഗ്യം കാട്ടി അതു തള്ളി. പടമെടുക്കാൻ ഒരു നിമിഷം മാസ്ക്കും ഷീൽഡും മാറ്റാമോ എന്നു ചോദിച്ചു തീരുംമുൻപേ മാറ്റിയിട്ട് സ്റ്റാർട്ട് ആക്‌ഷൻ കേട്ട ചിരപരിചിത നായികയെപ്പോലെ പുഞ്ചിരിച്ചു.

എന്തുകൊണ്ട് മക്കൾ നീതി മയ്യം?

ജനം മാറ്റം ആഗ്രഹിക്കുകയാണ്. സ്ഥിരം കക്ഷികളുടെ ഭരണം മടുത്തിരിക്കുന്നു. മക്കൾ നീതി മയ്യം നേർമയാന കക്ഷിയാണ്. 

വിജയിക്കുമെന്നു വിശ്വാസമുണ്ടോ?

ഞാൻ ഈ നാട്ടിൽ ജനിച്ചു വളർന്നതാണ്. മൈലാപ്പൂരിന്റെ പ്രശ്നങ്ങളറിയാം.

മലയാളികളുടെ വോട്ട് ആർക്ക്?

മലയാളികൾ എന്നും കമൽഹാസനെ പിന്തുണച്ചു. മൈലാപ്പൂരിൽ ഒരുപാടു മലയാളികളുണ്ട്. അവരുടെ വോട്ട് എനിക്കാണ്. മലയാളം സിനിമകളിൽ അഭിനയിച്ച ഓർമകളും മനോഹരമാണ്. (എഴുപതുകളിലും എൺപതുകളിലും ശ്രീപ്രിയ ഒരുപിടി മലയാളം സിനിമകളിൽ വന്നിട്ടുണ്ട്. ഹിമം, അങ്കുരം, കരിയിലക്കാറ്റുപോലെ...)

നാനൊരു പെൺ, ഒരു പെണ്ണിനു വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായി നീങ്ങവേ കച്ചേരി റോഡിലെ ലസ് കോർണറിൽ ഗണി എന്ന തുണിക്കടയുടെ മുന്നിലെത്തി. ഞാൻ ഇവിടെനിന്ന് ഒരുപാടു വാങ്ങിയതാണ് എന്നൊരു ഡയലോഗ് ശ്രീപ്രിയ കടയുടെ നേരെ നോക്കി പറഞ്ഞു. ചെന്നൈയിലെ പ്രശസ്ത ബ്ലൗസ് പീസ് കടയാണിത്. ഫാഷൻ ബ്ലൗസ് തയ്ക്കാൻ തുണിതേടി താരങ്ങളെത്തുന്നത് ഇവിടെ.

ശ്രീപ്രിയയുടെ ജീപ്പിൽ വേറൊരു കൗതുകം ഉണ്ടായിരുന്നു; തമിഴിലെ പുതിയ താരം താത്ത സുരേഷ്. ബിഗ് ബോസിലും മറ്റും അഭിനയിച്ച താത്ത സുരേഷിന് ന്യൂജൻ ആരാധകരാണു കൂടുതലും. ശ്രീപ്രിയയെ കണ്ടു പരിചയം 50 കഴിഞ്ഞവർക്കാണല്ലോ. 92ൽ അഭിനയം നിർത്തിയതാണ്. മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തകരും മിക്കവാറും 50 കഴിഞ്ഞവരാണ്. 

നേരം ഇരുട്ടിയതോടെ ശ്രീപ്രിയയും താത്ത സുരേഷും വോട്ടർമാർക്കു നേരെ ടോർച്ചടിച്ചു. മട്ടുപ്പാവുകളിൽനിന്ന് തിരികെ ടോർച്ചടി കണ്ടപ്പോൾ വോട്ട് ഉറപ്പിച്ചു. എങ്കിലും ‘മൈലാപ്പൂരിനെ സിംഗപ്പൂർ പോലെയാക്കി മാറ്റു’മെന്ന വാഗ്ദാനത്തിൽ ജനം വീഴണമെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com