ADVERTISEMENT

ന്യൂഡൽഹി ∙ ധീര വിപ്ലവകാരികളായ ഭഗത്​സിങ്, സുഖ്ദേവ്, രാജ് ഗുരു എന്നിവരുടെ ത്യാഗം വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രക്തസാക്ഷി ദിനത്തിൽ വിപ്ലവകാരികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭഗത്​സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടിഷുകാർ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായിരുന്നു ഇന്നലെ.

ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരെ ജീവൻ ബലിനൽകി പോരാടിയ ഭഗത്​സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർ ഇന്ത്യൻ യുവത്വത്തിന് എക്കാലത്തും പ്രചോദനം നൽകുന്നവരാണ്. ബ്രിട്ടിഷ് പൊലീസിന്റെ മർദനത്തെ തുടർന്ന് സ്വാതന്ത്ര്യസമര സേനാനി ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടതിന് പകരം വീട്ടിയത് ഇവരാണ്. മർദനത്തിന് നേതൃത്വം കൊടുത്ത സാൻഡേഴ്സൻ എന്ന പൊലീസ് ഓഫിസറെ ഇവർ വെടിവച്ചുകൊന്നു. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് കേന്ദ്ര നിയമ നിർമാണ സഭയിലേക്കു ബോംബെറിഞ്ഞതാണ് മറ്റൊരു സംഭവം.

‘ലഹോർ ഗൂഢാലോചനക്കേസ്’ എന്ന വിചാരണ പ്രഹസനം നടത്തി മൂവർക്കും ബ്രിട്ടിഷ് കോടതി വധശിക്ഷ വിധിച്ചു. 1931 മാർച്ച് 23ന് ലഹോർ സെൻട്രൽ ജയിലിൽ ഇവരെ തൂക്കിലേറ്റി. ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് കോടതിയിൽ ഇവർ വിചാരണ നേരിട്ടത്.

കേന്ദ്രസർക്കാരിന്റെ വൻകിട പദ്ധതികൾക്ക് ഭഗത്​സിങ് അടക്കമുള്ളവരുടെ പേരു നൽകണമെന്ന് കോൺഗ്രസ് അംഗം രൺവീർ സിങ് ബിട്ടു ലോക്സഭയിൽ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടർ എന്നിവരും ‘ഷഹീദ് ദിവസ’ത്തിൽ രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചു.

Content Highlights: PM Modi pays tribute to Bhagat singh, Sukhdev, Rajguru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com