ADVERTISEMENT

ന്യൂഡൽഹി ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒക്ടോബറിൽ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ജസ്റ്റിസ് എൻ.വി. രമണയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആഭ്യന്തര അന്വേഷണത്തിനുശേഷം തള്ളിക്കളഞ്ഞതായി സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തന്റെ പിൻഗാമിയായി ജസ്റ്റിസ് രമണയെ ശുപാർശ ചെയ്ത ദിവസം തന്നെയാണു കോടതി ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. 

പരാതി ആഭ്യന്തര നടപടിക്രമങ്ങളനുസരിച്ച് പരിശോധിച്ചതായും നടപടികൾക്കു രഹസ്യസ്വഭാവമുള്ളതിനാൽ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടതിനു പിന്നാലെ ജസ്റ്റിസ് രമണയ്ക്ക് അഭിനന്ദനവുമായി ജഗൻ രംഗത്തെത്തുകയും ചെയ്തു.

കോടതി തീരുമാനം ജഗനു തിരിച്ചടിയാണ്. ഒക്ടോബർ 6നു ജഗൻ അയച്ച കത്തിൽ പ്രധാനമായി 3 ആരോപണങ്ങളുന്നയിച്ചിരുന്നു: ജസ്റ്റിസ് രമണയുടെ 2 മക്കൾ അമരാവതിയിൽ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ട്. ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിൽ ഉൾപ്പെടെ ഇടപെടുന്നു. ടിഡിപിക്കു വേണ്ട രീതിയിൽ ഹൈക്കോടതി ഉത്തരവുകൾ നൽകുന്നു. ആരോപണങ്ങൾ പിന്നീട് സത്യവാങ്മൂലമായും നൽകി.

രമണ ചീഫ് ജസ്റ്റിസാകുന്നതു തടയാനാണ് ജഗന്റെ പരാതിയെന്ന് ടിഡിപി ആരോപിച്ചിരുന്നു. എംപിമാർക്കും എൽഎമാർക്കുമെതിരെയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു. 

ജഗനെതിരെയുള്ള കേസുകളും ഇതിലുൾപ്പെടുന്നു. ചീഫ് ജസ്റ്റിസിനുള്ള കത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുൻ ചീഫ് സെക്രട്ടറിയുമായ അജയ കല്ലം പരസ്യപ്പെടുത്തിയതും വിവാദമായിരുന്നു.

ആന്ധ്രയിലെ ഗ്രാമത്തിൽനിന്ന് ചീഫ്  ജസ്റ്റിസ് പദവിയിലേക്ക്

ആന്ധ്രയിലെ പൊന്നാവരം ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച ജസ്റ്റിസ് എൻ.വി. രമണ 1983 ലാണ് അഭിഭാഷകനായത്. 2000 ൽ ആന്ധ്ര ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. 2013 ൽ രണ്ടര മാസം അവിടെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ശേഷം, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ൽ സുപ്രീം കോടതി ജഡ്ജിയായി.

Content Highlights: SC dismisses complaint against Justice Ramana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com