ADVERTISEMENT

ന്യൂഡൽഹി ∙ വൻ തോതിൽ കേസുകൾ കെട്ടിക്കിടക്കുന്നതു പരിഗണിച്ച് ഹൈക്കോടതികളിൽ താൽക്കാലിക ജ‍ഡ്ജിമാരെ നിയമിക്കാൻ മാർഗരേഖ നൽകുമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ അടുത്ത മാസം 8ന് അകം നിലപാടറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും എല്ലാ ഹൈക്കോടതികളോടും നിർദേശിച്ചു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും താൽക്കാലിക ജഡ്ജിമാരെ നിയമിക്കണമെന്ന് ലോക് പ്രഹരി എന്ന സംഘടന നൽകിയ ഹർജിയിലാണ് നടപടി. 

ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിമാരെ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് താൽക്കാലികമായി നിയമിക്കാമെന്നാണ് ഭരണഘടനയുടെ 224 എ വകുപ്പ്. ഇത്തരത്തിൽ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്ക് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാമെന്നാണ് 128ാം വകുപ്പ്. 

കേസുകളുടെ എണ്ണം കുറയുംവരെ താൽക്കാലിക ജഡ്ജിമാരുടെ സേവനമാവാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് സ്ഥിരം ജഡ്ജിമാരുടെ നിയമനത്തിന് തടസ്സമാകില്ല. താൽക്കാലിക ജഡ്ജിമാരെ ഏറ്റവും ജൂനിയർ ആയി കണക്കാക്കും. 15–20 വർഷത്തെ പ്രവൃത്തിപരിചയമുള്ള ജഡ്ജിമാരുടെ സേവനം പ്രയോജനപ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

സ്ഥിരം ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയശേഷം മതി താൽക്കാലിക നിയമനമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ ആർ.എസ്.സൂരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിൽനിന്നു ലഭിക്കുന്ന സഹകരണത്തെക്കുറിച്ച് ഉറപ്പില്ലെന്നും താൽക്കാലിക ജഡ്ജിമാർ ഭീഷണിയാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാ ഹൈക്കോടതികളിലുമായി ഏകദേശം 51 ലക്ഷം കേസുകളാണുള്ളത്. 

English Summary: Supreme Court on appointment of adhoc judges in high Courts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com