ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്കു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചതോടെ, ദേശീയ രാഷ്ട്രീയത്തിൽ വിശാല പ്രതിപക്ഷ മുന്നണിയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു. 

ബംഗാളിൽ ബിജെപിയെ നേർക്കുനേർ നേരിടുന്നതിനിടെയാണ്, ഒന്നിച്ചുനിൽക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), അഖിലേഷ് യാദവ് (എസ്പി), അരവിന്ദ് കേജ്‍രിവാൾ (എഎപി), ഉദ്ധവ് താക്കറെ (ശിവസേന), ഹേമന്ത് സോറൻ (ജെഎംഎം), നവീൻ പട്നായിക് (ബിജെഡി), ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർ കോൺഗ്രസ്), കെ.ചന്ദ്രശേഖർ റാവു (ടിആർഎസ്), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി) എന്നിവർക്ക് മമത കത്തയച്ചത്. അതേസമയം, ബദ്ധശത്രുക്കളായ സിപിഎമ്മിനെ ഒഴിവാക്കി.

ഡൽഹി ലഫ്. ഗവർണർക്കു കൂടുതൽ അധികാരങ്ങൾ നൽകി പാർലമെന്റ് പാസാക്കിയ നിയമത്തിലെ അപകടങ്ങൾ വിവരിക്കുന്ന കത്തിൽ, കേന്ദ്ര സർക്കാരിനെ മമത രൂക്ഷമായി വിമർശിച്ചു.

ബംഗാളിൽ തിരഞ്ഞെടുപ്പു നടക്കാനുള്ള മണ്ഡലങ്ങളിൽ ബിജെപിവിരുദ്ധ വോട്ടുകൾ തൃണമൂലിന് അനുകൂലമായി ഏകീകരിക്കാൻ കൂടി ലക്ഷ്യമിട്ടാണു മമതയുടെ നീക്കമെന്നാണു സൂചന. ബിജെപിയും തൃണമൂലും പോരടിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് – ഇടതു സഖ്യവും രംഗത്തുണ്ട്. തൂക്കുസഭയുണ്ടായാൽ, സർക്കാർ രൂപീകരണത്തിനു കോൺഗ്രസിന്റെ പിന്തുണ മമത തേടിയേക്കും.

കത്തിന്റെ പേരിൽ മമതയെ പരസ്യമായി പിന്തുണയ്ക്കാൻ തയാറായില്ലെങ്കിലും ബിജെപിയെ അധികാരത്തിൽ നിന്നകറ്റുന്നതിനു തൃണമൂലിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് മടിക്കില്ല. 

മമത പിന്തുണ തേടിയാൽ പരിഗണിക്കാമെന്നാണു സിപിഎം നിലപാട്. ബംഗാളിൽ പരാജയഭീതി മൂലമാണു മമത കത്തയച്ചതെന്നു ബിജെപി പറഞ്ഞു.

English Summary: Mamata Banerjee's letter to other parties to join against bjp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com