ADVERTISEMENT

ന്യൂഡൽഹി ∙ സാധാരണക്കാരുടെ ആശ്രയമായ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച നടപടി ഒറ്റരാത്രി കൊണ്ട് കേന്ദ്രസർക്കാർ പിൻവലിച്ചു. 2020–21 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ നിലവിലുള്ള അതേ നിരക്ക് തന്നെ പുതിയ സാമ്പത്തിക വർഷത്തിലെ (2021–22) ആദ്യപാദത്തിലും (ഏപ്രിൽ – ജൂൺ) തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ നോട്ടക്കുറവുണ്ടായെന്ന വിശദീകരണവുമായി ധനമന്ത്രി നി‍ർമല സീതാരാമനാണ് തീരുമാനമറിയിച്ചത്. ധനവകുപ്പ് പിന്നീട് ഔദ്യോഗിക ഉത്തരവുമിറക്കി. 

തീരുമാനം അബദ്ധത്തിൽ പറ്റിയതെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വാദിക്കുമ്പോഴും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കവേയുള്ള തീരുമാനം ബിജെപിക്കു തിരിച്ചടിയാകുമെന്നു കണ്ടാണ് പിന്മാറ്റമെന്നാണു വ്യാഖ്യാനം. പലിശനിരക്കു കുറച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധവും ശക്തമായിരുന്നു. 

ലഘുസമ്പാദ്യ പദ്ധതികളായ, ടേം ഡിപ്പോസിറ്റ്, റിക്കറിങ് ഡിപ്പോസിറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറച്ചുള്ള പ്രഖ്യാപനം ബുധനാഴ്ച വൈകിട്ടായിരുന്നു. ഇന്നലെ രാവിലെ തിരുത്തു വന്നു. 

വൈകിയുദിച്ച ബുദ്ധി

പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തി. സാധാരണക്കാരനെ കൊള്ളയടിക്കുന്ന നുണ സർക്കാരാണ് കേന്ദ്രത്തിലേതെന്നും തിരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ നിരക്ക് വീണ്ടും കുറയ്ക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. നോട്ടപ്പിഴവു കൊണ്ടാണോ അതോ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആലോചനയിൽ നിന്നു വൈകിയുദിച്ച ബുദ്ധിയാണോ ഇതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. 

പലിശനിരക്ക് ഇങ്ങനെ

സമ്പാദ്യ പദ്ധതി: 4%

ടേം ഡിപ്പോസിറ്റ് (1,2,3 വർഷം): 5.5%

ടേം ഡിപ്പോസിറ്റ് (5 വർഷം): 6.7%

റിക്കറിങ് ഡിപ്പോസിറ്റ് (ആർഡി): 5.8%

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 7.4%

പ്രതിമാസ വരുമാന പദ്ധതി: 6.6%

നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്:   6.98%

പബ്ലിക് പ്രോവിഡന്റ് ഫണ്ട് : 7.1%

കിസാൻ വികാസ് പത്ര: 6.9%

സുകന്യ സമൃദ്ധി പദ്ധതി: 7.6%

English Summary: Small savings project interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com