ADVERTISEMENT

ചെന്നൈയിൽ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിനു മുന്നിൽ, സ്റ്റാലിൻ എന്നു മുഖ്യമന്ത്രിയാകുമെന്ന് അറിയിക്കുന്ന ഡിജിറ്റൽ ക്ലോക്കുണ്ട്; ദിനങ്ങളും മണിക്കൂറും മിനിറ്റും സെക്കൻഡും സഹിതം. അതു കാണുമ്പോഴുള്ളത് 40 ദിവസം, ഒരു മണിക്കൂർ, 62 മിനിറ്റ്, 48 സെക്കൻഡ്!

അകത്ത് കംപ്യൂട്ടറുകൾ നിരത്തിവച്ചു വിശകലനം നടത്തുന്നവരുടെ നിര. സ്റ്റാലിന്റെ പ്രചാരണ തന്ത്രങ്ങൾ ഹൈടെക് ആകുന്നു. പ്രഫഷനൽ തിരഞ്ഞെടുപ്പു തന്ത്രജ്ഞരുടെ കമ്പനിയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും സംഭവവികാസങ്ങളുടെ പ്രതികരണം അപ്പപ്പോൾ അറിയാൻ സാംപിൾ സർവേകളുണ്ട്.

രാജപാളയം മാരിയമ്മൻകോവിൽ മൈതാനത്ത് സ്റ്റാലിനെ വരവേൽക്കാനെത്തിയതു ജനസഹസ്രം. പൂരപ്പറമ്പിലേക്കു ചെറുപൂരങ്ങളെത്തുന്നതു പോലെയാണ് ജനക്കൂട്ടം വന്നുകൊണ്ടിരുന്നത്. സ്റ്റാലിന്റെ വരവറിയിച്ചു മാനത്ത് അമിട്ടുകൾ പൊട്ടിയപ്പോൾ ഡിഎംകെ കുട്ടിനേതാക്കൾ ഡപ്പാംകുത്ത് ഡാൻസിലേക്കു തിരിഞ്ഞു.

സ്റ്റാലിന്റെ (68) തലയിൽ വച്ചുപിടിപ്പിച്ച വിഗ്ഗാണ് ആദ്യം കണ്ണിൽപെടുക. സ്റ്റേജിൽ സ്ഥാനാർഥികളെല്ലാം എഴുന്നേറ്റ് തൊഴുതുപിടിച്ചു നിൽക്കുമ്പോൾ സ്റ്റാലിൻ വാഹനത്തിൽ നിന്നിറങ്ങാതെ പ്രസംഗം തുടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് മിസ (ആഭ്യന്തര സുരക്ഷാ നിയമം) തടവുകാരനായി പൊലീസ് മർദനമേറ്റ സ്റ്റാലിന്റെ വീര്യത്തിനൊട്ടും കുറവില്ല. ജനത്തിനു നേരെ കൈചൂണ്ടി സ്റ്റാലിൻ ഗർജിച്ചു– ‘‘ഇതു ദ്രാവിഡ മണ്ണാണ്. മോദിയുടെ മാജിക്കുകൾ ഇവിടെ ചെലവാകില്ല. ഡൽഹിയുടെ ആട്ചി (ഭരണം) ഈ മണ്ണിൽ വിലപ്പോകില്ല. എങ്ങനെയൊക്കെ പ്രചാരണം നടത്തിയാലും ഒറ്റ സീറ്റു കിട്ടില്ല.’’

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണക്കിനു കളിയാക്കി – ‘‘എടപ്പാടി സ്വയം വ്യവസായി (കൃഷിക്കാരൻ) എന്നു പറയുന്നു. ആരെങ്കിലും സ്വയം റൗഡി എന്നു പറയുമോ? റൗഡിയാണെന്നതു മറയ്ക്കാൻ വ്യവസായി എന്നു പറയുന്നെന്നേയുള്ളൂ’’. രജനീകാന്തിന്റെ ‘അരുണാചലം’ സിനിമയിലെ ഡയലോഗ് പോലെ ‘സ്റ്റാലിൻ സൊൽറാൻ, മക്കൾ സെയ്റാൻ’ (സ്റ്റാലിൻ പറയുന്നു, ജനം ചെയ്യുന്നു) എന്നൊരു വിശ്വാസപ്രഖ്യാപനവും നടത്തി.

പക്ഷേ, ദിവസം കഴിയുന്തോറും എഐഎഡിഎംകെ മുന്നണിയും ശക്തിയാർജിക്കുന്നുവെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഡിഎംകെ മുന്നണിക്ക് 200 സീറ്റു വരെ കിട്ടാമായിരുന്നത് 150 സീറ്റായി കുറഞ്ഞിട്ടുണ്ടത്രേ. ഭൂരിപക്ഷത്തിനു വേണ്ടത് 118. അൻപതോളം മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തിൽ സ്റ്റാലിന്റെ പാളിച്ചകൾ പലരും ചൂണ്ടിക്കാട്ടുന്നു.

English Summary: Tamil Nadu Assembly Election 2021 - Stalin campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com