ADVERTISEMENT

റായ്പുർ / ന്യൂ‍ഡൽഹി ∙ ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം 22 ആയി. ശനിയാഴ്ചത്തെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു.

5 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ വിവരം. ഇവരിൽ രണ്ടുപേരുടെ മൃതദേഹം ശനിയാഴ്ച തന്നെ ലഭിച്ചിരുന്നു. കാണാതായ ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. 31 പേർക്കു പരുക്കേറ്റു. ഒരു വനിതയടക്കം 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി സുരക്ഷാ സേനാ വക്താവ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയാണെന്നാണു വിവരം.

സിആർപിഎഫിന്റെ കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ), ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവയുടെ സംയുക്ത സംഘത്തിലെ ടാറെം ക്യാംപിൽ നിന്നുള്ള 400 അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയോടെ ബിജാപുർ, സുക്മ ജില്ലകളുടെ അതിർത്തിയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിൽ തിരച്ചിലിനു പോയ സംയുക്ത സേനാ സംഘത്തെ ജോനഗുഡയിൽ വളഞ്ഞിട്ടു വെടിവയ്ക്കുകയായിരുന്നു. മാവോയിസ്റ്റ് നേതാവ് മധ്‌വി ഹിദ്മ മേഖലയിലുണ്ടെന്ന വിവരത്തെത്തുടർന്ന് 5 സംഘങ്ങളിലായി 2000 പേരാണു തിരച്ചിലിനു പോയത്. ഏറ്റുമുട്ടൽ 3 മണിക്കൂറിലേറെ നീണ്ടു.

hidmamaoist
മധ്‌വി ഹിദ്മ (പഴയകാല ചിത്രം)

അസമിൽ തിരഞ്ഞെടുപ്പു പര്യടനത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പര്യടനം വെട്ടിച്ചുരുക്കി ഡൽഹിയിലെത്തി അടിയന്തര യോഗം വിളിച്ചു. അസമിലായിരുന്ന മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പര്യടനം റദ്ദാക്കി തിരിച്ചെത്തി.

ആക്രമണത്തിനു പിന്നിൽ ഹിദ്മയും സുജാതയും

ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയുടെ (പിഎൽജിഎ) ഏരിയ കമാൻഡർ മധ്‌വി ഹിദ്മ എന്ന ഹിദ്‌മാലു (38), സഹായി സുജാത (34) എന്നിവരാണെന്നു കരുതുന്നു. സുക്മ ജില്ലയിൽ പൂവാർതി ഗ്രാമത്തിൽനിന്നുള്ള ഹിദ്മ, മാവോയിസ്റ്റ് നേതാവ് രാമണ്ണയുടെ മരണത്തോടെയാണ് അധികാരശ്രേണിയുടെ തലപ്പത്തെത്തിയത്.

സുക്മ, ബിജാപുർ, ദണ്ഡേവാഡ മേഖലകളുടെ ചുമതലയുള്ള ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിയുടെ സജീവ അംഗം കൂടിയായ ഹിദ്മയെ 2019ൽ പാർട്ടി കേന്ദ്ര കമ്മറ്റിയിലേക്ക് ഉയർത്തി. കമ്മറ്റിയിലെ പ്രായം കുറഞ്ഞ അംഗവുമായി. ഇയാളെ പിടിക്കുന്നവർക്ക് 2017ൽ പൊലീസ് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സുജാത എന്ന പേരിലറിയപ്പെടുന്ന പി. രൂപ, ആസാദെന്നും ഗോപണ്ണയെന്നും അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് കൊയ്ദാ സംബയ്യയുടെ ഭാര്യയാണ്. തെലങ്കാനയിലെ ഒട്ടേറെ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഇവരെ പിടിക്കുന്നവർക്ക് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും 18 വർഷം പിടികൊടുത്തില്ല. 2018ൽ അറസ്റ്റിലായെങ്കിലും പിന്നീട് പുറത്തിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com