ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡിൽ ദക്ഷിണ ബസ്തർ വനമേഖലയിൽ കെണിയൊരുക്കി കാത്തിരുന്ന മാവോയിസ്റ്റുകൾ ക്രൂരമായ ആക്രമണമാണു നടത്തിയത്. കുന്നിൻമുകളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ നിന്നു സൈനികർക്കു നേരെ വെടിയുതിർത്തതോടെ, ഒഴിഞ്ഞ ഗ്രാമത്തിലേക്കാണു സൈന്യം മറ തേടി നീങ്ങിയത്. എന്നാൽ, അവിടെ ഒളിഞ്ഞിരുന്ന മാവോയിസ്റ്റ് സംഘം വളഞ്ഞ് ആക്രമിച്ചു. നാലുപാടു നിന്നും ഒരേസമയം ഇവർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ഒരു ഇൻസ്പെക്ടർ തിര നിറയ്ക്കുന്നതിനിടെ ചാടിവീണ അവർ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷമാണ് വെടിയുതിർത്തത്. മരിച്ച സൈനികരുടെ കൈവശമുള്ള രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഷൂസുകൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപോയി. ഗ്രാമപാതയിലും പാടത്തും ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. 

നാലു സംഘമായാണു ശനിയാഴ്ച സുരക്ഷാസൈനികർ വനമേഖലയിലേക്കു നീങ്ങിയത്. ശനിയാഴ്ചത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരിൽ 8 പേർ സിആർപിഎഫ് ജവാന്മാരാണ്. 8 പേർ ജില്ലാ റിസർവ് ഗ്രൂപ്പ് സേനാംഗങ്ങളും 6 പേർ പ്രത്യേക ടാസ്ക് ഫോഴ്സ് അംഗങ്ങളും. പരുക്കേറ്റവരിൽ 16 പേർ സിആർപിഎഫ് ജവാന്മാർ. 10 പേർ ഡിആർജിയിൽ നിന്നും 5 പേർ എസ്ടിഎഫിൽ നിന്നുമുള്ളവർ. ഗുരുതരമായി പരുക്കേറ്റ 13 പേർ റായ്പുരിലും സാരമായ പരുക്കുള്ള 18 പേർ ബിജാപുർ ജില്ലാ ആശുപത്രിയിലും ചികിത്സതേടി. ഡിആർജി, എസ്ടിഎഫ് അംഗങ്ങളെല്ലാം ഛത്തീസ്ഗഡ് സ്വദേശികളാണ്.

ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ. സിആർപിഎഫ് ഡയറക്ടർ ജനറൽ സുൽദീപ് സിങ്, എഡിജി സുൽഫിക്കർ ഹസൻ, ഐജി(ഓപറേഷൻസ്) നളിൻ പ്രഭാകർ എന്നിവർ ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.

മരിച്ച ഡിആർജി (ഡിസ്ട്രിക് റിസർവ് ഗാർഡ്) അംഗങ്ങൾ

ദീപക് ഭരദ്വാജ്, രമേശ് കുമാർ ജൂരി, നാരായൺ സോഥി,രമേശ് കോർസ,സുഭാഷ് നായ്ക്,കിശോഷ് എന്ത്രിക്,ശങ്കുറാം സോഥി,ഭോലാറാം കർടാമി

എസ്ടിഎഫ് (സ്പെഷൽ ടാസ്ക് ഫോഴ്സ്) അംഗങ്ങൾ: ശ്രവൺ കശ്യപ്, രാംദാസ് കോറോം,ജഗത് റാം കേദർ, സുഖ്സിങ് ഫർസ്,രമാശങ്കർ ഫേക്റ, ശങ്കർ നാഥ്

സിആർപിഎഫ്(കോബ്ര) അംഗങ്ങൾ: ദിലീപ് കുമാർ ദാസ്(അസം), രാജ്കുമാർ യാദവ്(യുപി), സമൈയാ മധ്‌വി(ബസ്തർ ബറ്റാലിയൻ), ധർമദേവ് കുമാർ(യുപി), ശഖ്മുരി മുരളീ കൃഷ്ണ (ആന്ധ്ര), രഘു ജഗദീഷ്, ശംഭുറായ് (ത്രിപുര), ബബ്‌ലു രംഭ(അസം)

ഏറ്റുമുട്ടൽ തുടർക്കഥ

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2010 ഏപ്രിൽ 6ന് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്‌റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 76 സുരക്ഷാ സൈനികരാണു വീരമൃത്യു വരിച്ചത്. തലസ്‌ഥാനമായ റായ്‌പുരിൽ നിന്ന് 600 കിലോമീറ്റർ അകലെ, ദന്തേവാഡ ജില്ലയിലെ മുക്‌റാന വനത്തിൽ രാവിലെ 6 നായിരുന്നു ആക്രമണം. മാവോയിസ്‌റ്റുകളെ തുരത്താനുള്ള ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ഒരുക്കങ്ങൾക്കായി ഒരു പാത തുറന്നു മടങ്ങുകയായിരുന്ന സിആർപിഎഫ് - പൊലീസ് സംയുക്‌ത സംഘത്തെ കെണിയിൽ പെടുത്തി ആക്രമിക്കുകയായിരുന്നു. 

അടുത്തകാലത്തെ പ്രധാന മാവോയിസ്റ്റ് ആക്രമണങ്ങൾ:

∙2021 മാർച്ച് 23– ജില്ലാ റിസർവ് ഗാർഡിലെ 5 ജവാന്മാർ നാരായൺപുരിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

∙2020 മാർച്ച് 21– സുക്മയിലെ മിൻപയിൽ 17 ജവാന്മാരെ കൊലപ്പെടുത്തി.

∙2019 ഏപ്രിൽ– ബിജെപി എംഎൽഎ ഭീമ മാണ്ഡവിയും 4 സുരക്ഷാ ഉദ്യോഗസ്ഥരും ദന്തേവാഡയി‍ൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

∙ 2017 ഏപ്രിൽ– ബുർഖപലിൽ 25 സിആർപിഎഫുകാർ കൊല്ലപ്പെട്ടു.

∙ 2017 മാർച്ച്– സുക്മയിൽ 12 സിആർഎപിഫുകാർ കൊല്ലപ്പെട്ടു.

∙ 2016 മാർച്ച്– റായ്പുരിൽ 7 പൊലീസുകാരെ കൊലപ്പെടുത്തി.

English Summary: Chhattisgarh Maoist attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com