ADVERTISEMENT

ന്യൂഡൽഹി∙ കണ്ടാൽ ചോരയോട്ടമുണ്ടോയെന്നു തോന്നിപ്പിക്കുന്ന ശരീരപ്രക‍ൃതമാണെങ്കിലും ചോരമരവിപ്പിക്കുന്ന നിസ്സംഗതയോടെയാണ് മധ്‌വി ഹിദ്മ കൊല നടത്തുന്നതെന്നു സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 27ൽ 14 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ പേടിസ്വപ്നമാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി(പിഎൽജിഎ)യുടെ ഏരിയ കമാൻഡർ മധ്‌വി ഹിദ്മ എന്ന ഹിദ്‌മാലു(38). തൊണ്ണൂറുകളുടെ അവസാനത്തോടെ മാവോയിസ്റ്റായി മാറിയ ഹിദ്മ, സംസ്ഥാനം കണ്ട ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളുടെ സൂത്രധാരനാണെന്ന് അധികൃതർ പറയുന്നു. ദണ്ഡകാരണ്യ ദളത്തിലെ അംഗമായിരുന്ന ഹിദ്മ പത്താംക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും പിന്നീട് സ്വയം പഠനത്തിലൂടെ ഇംഗ്ലിഷിൽ പഠനം നേടി.

3 വലയങ്ങളുള്ള സുരക്ഷാ സംഘത്തിനു നടുവിലാണ് ഹിദ്മയുടെ സഞ്ചാരം. ഒരു കിലോമീറ്റർ ചുറ്റളവിൽ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈൽ ജാമറുമായി 250 പേരുള്ള ആദ്യ സംഘം. പിന്നീട് 500 മീറ്റർ ചുറ്റളവിൽ മറ്റൊരു സംഘം. 200 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ സംഘം. ശനിയാഴ്ച സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയവർ ഹിദ്മയുടെ ആദ്യ സംഘത്തിലെ അംഗങ്ങളാണോ അതോ ഹിദ്മ അവിടെയുണ്ടെന്നതു കെണിയായിരുന്നോ എന്ന് ആശയക്കുഴപ്പമുണ്ട്. എന്തായാലും ഹിദ്മയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു സംശയമില്ല.

തന്ത്രങ്ങൾ മാറുന്നു

ഗറില യുദ്ധമുറകളിൽ പരിശീലനം സിദ്ധിച്ച ബസവരാജുവും ഇപ്പോൾ ഹിദ്മയും തലപ്പത്തെത്തിയതോടെ മാവോയിസ്റ്റുകൾ ആക്രമണ രീതികൾ മാറ്റുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. സാധാരണ അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ഇവർ ഇത്തവണ തൊട്ടടുത്തു നിന്നുള്ള വെടിവച്ചതു തെളിവ്.

മാവോയിസ്റ്റുകളുടെ കേന്ദ്ര സമിതിയിലെ ഏറ്റവും ചെറു പ്രായക്കാരനായ ഹിദ്മയെപ്പറ്റി കേട്ടുതുടങ്ങിയത് 2013ൽ മുതിർന്ന കോൺഗ്രസ് നേതാക്കളടങ്ങിയ 25 പേരെ കൊലപ്പെടുത്തിയതോടെയാണ്. പിന്നീടിങ്ങോട്ട് ബസ്തർ മേഖലയിലെ പ്രധാന ആക്രമണങ്ങൾക്കു പിന്നിലെല്ലാം ഹിദ്മയുണ്ട്. സുക്മ ജില്ലയിലെ പുർവതി ഗ്രാമത്തിൽ നിന്നുള്ള ഇയാൾക്ക് മാവോയിസ്റ്റുകൾക്കിടയിലെ ഗോത്രവർഗ മുഖം എന്ന പിരഗണനയിലാണ് പലരെയും മറികടന്ന് സ്ഥാനക്കയറ്റം നൽകിയതെന്നു പറയപ്പെടുന്നു. 

സൈന്യത്തിന്റേത് ‘അന്തിമ യുദ്ധം’


ഛത്തീസ്ഗഡിലെ ബിജാപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായുള്ള 
ഏറ്റുമുട്ടലിനിടെ തകർന്ന ട്രക്ക്.
ഛത്തീസ്ഗഡിലെ ബിജാപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തകർന്ന ട്രക്ക്.

മാവോയിസ്റ്റുകളുടെ പൂർണനിയന്ത്രണത്തിലായിരുന്ന സുക്മ–ബിജാപുർ മേഖലയിൽ സുരക്ഷാ സൈനികർ ആധിപത്യമുറപ്പിക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘അന്തിമ യുദ്ധ’മെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യം നൽകിയിരിക്കുന്ന പേര്. പൊലീസിനു വിവരം നൽകുന്ന ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്താൻ തുടങ്ങിയത് ഇപ്പോഴാണ്. നേരത്തേ കടുത്ത പീഡനങ്ങൾക്കു ശേഷം വിട്ടയയ്ക്കുമായിരുന്നു. ചെറിയ വിവരം കൈമാറുന്നവരെപ്പോലും കൊലപ്പെടുത്തണമെന്നത് ഹിദ്മയുടെ നിർദേശമായിരുന്നുവെന്ന് അധികൃതർ പറയുന്നു.

മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന 10,000 ചതുരശ്ര കിലോമീറ്ററോളം സേന പിടിച്ചടക്കിക്കഴിഞ്ഞു. മാവോയിസ്റ്റുകൾക്കു പൂർണ നിയന്ത്രണമുള്ള മേഖലകളിലേക്കും സുരക്ഷാ സേന കടക്കാൻ തുടങ്ങിയതോടെയാണ് ആക്രമണങ്ങൾക്കു മൂർച്ച കൂടിയത്. അടുത്തിടെ ഈ മേഖലകളിൽ 19 പുതിയ സൈനിക ക്യാംപുകൾ സ്ഥാപിച്ചു. സർക്കാർ ആവശ്യപ്പെട്ട 7 സിആർപിഎഫ് ബറ്റാലിയനുകളിൽ 5 എണ്ണം കൂടി വന്നതോടെ ഗ്രാമീണർ കൂടുതലായി മാവോയിസ്റ്റുകളെക്കുറിച്ചു വിവരം നൽകാൻ തുടങ്ങി. 

പൊലീസിനു വിവരം കൈമാറിയെന്ന സംശയത്തിൽ മോദിയാമി വിജ്ജ എന്ന ഡിവിഷൻ കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നിരുന്നു. 6മാസത്തിനിടെ 30 ഗ്രാമീണരെയാണു മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഇവരിൽ ഭൂരിഭാഗവും ആദിവാസികളാണ്.

English Summary: Maoist leader Madvi Hidma life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com