ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ ജനകീയ പങ്കാളിത്തത്തോടെ രാജ്യത്ത് അഞ്ചിന നയം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം.

പരിശോധന, വൈറസ് ബാധ കണ്ടെത്തൽ, ചികിത്സ, പ്രോട്ടോക്കോൾ പാലനം, പ്രതിരോധ കുത്തിവയ്പ് എന്നിവ മഹാമാരിയെ തടയുന്നതിൽ ഫലപ്രദമാകുമെന്നു രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള പ്രത്യേക പ്രചാരണം നാളെ മുതൽ 14 വരെ രാജ്യത്തു സംഘടിപ്പിക്കും. മാസ്ക്കിന്റെ 100% ഉപയോഗം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിലൂന്നിയാണു പ്രചാരണം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 91.4 ശതമാനവും മരണ സംഖ്യയുടെ 91 ശതമാനവും കോവിഡ് രൂക്ഷമായ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണെന്നു യോഗത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ

∙ കിടക്കകളുടെ ലഭ്യത, പരിശോധനാ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ ലഭ്യത എന്നിവ എല്ലാ സംസ്ഥാനങ്ങളും ഉറപ്പുവരുത്തണം.

∙ചികിത്സയിൽ കഴിയുന്നവർ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

∙ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കേന്ദ്ര സംഘങ്ങളെ അയയ്ക്കണം.

∙ കണ്ടെയ്ൻമെന്റ് മേഖലകളിൽ വ്യാപനം തടയാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണം.

English Summary: Covid spread, PM Narendra Modi's plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com