ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ തന്നെ പഠനങ്ങളും കണക്കുകൂട്ടലുകളും പാടേ തള്ളും വിധമാണ് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം. ഈ കുതിപ്പിനു കാരണം വൈറസിന്റെ വകഭേദമോ കോവിഡ് വന്നവർക്കു തന്നെ വീണ്ടും വൈറസ് പിടിപെടുന്ന പുനർബാധയോ എന്നതിനു മാത്രമാണ് സ്ഥിരീകരണം വേണ്ടത്. ഈ സംശയത്തിനുള്ള പ്രധാന കാരണം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് തന്നെ നടത്തിയ സെറോ സർവേകളാണ്. 

കേരളത്തിൽ 11% പേർക്കു മാത്രമാണ് കോവിഡ് വന്നുപോയതു തിരിച്ചറിയാതെയിരുന്നത് എന്നായിരുന്നു സെറോ സർവേ ഫലം. എന്നാൽ, മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നു. ഡൽഹിയിൽ പകുതിയിൽ കൂടുതൽ ആളുകൾക്കും കോവിഡ് വന്നുപോയിരിക്കാമെന്നു സർവേ കണ്ടെത്തി. മഹാരാഷ്ട്രയിലും സമാനമായിരുന്നു സ്ഥിതി. എന്നാൽ, ഇതേ സ്ഥലങ്ങളിൽ നേരത്തെയുണ്ടായിരുന്നതിനെക്കാൾ ശക്തമായി കോവിഡ് തിരിച്ചെത്തിയതാണു പുനർബാധയെന്ന സംശയത്തിന്റെ അടിസ്ഥാനം.

കോവിഡ് വീണ്ടും വരുമോ?

കോവിഡ് വീണ്ടും പിടിപെടാനുള്ള സാധ്യത വിരളമെന്നു തന്നെയാണ് ഇപ്പോഴും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് മുന്നോട്ടുവയ്ക്കുന്നത്. പഠനമനുസരിച്ചു ഒരു ശതമാനം ആളുകൾക്കാണ് പുനർബാധയ്ക്കു സാധ്യത. കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തയാൾക്ക് 102 ദിവസത്തിനുള്ളിൽ വീണ്ടും കോവിഡ് പോസിറ്റീവായാൽ മാത്രമാണ് ഇതിനെ പുനർബാധയെന്ന ഗണത്തിൽപെടുത്താൻ കഴിയൂവെന്ന് ഐസിഎംആർ ഡിജി ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. നേരത്തെ ഇത് 84 ദിവസത്തിനുള്ളിൽ എന്നതായിരുന്നു.

വകഭേദമല്ലെന്ന് കേന്ദ്രം

യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിൽ നിന്നു കോവിഡ് സ്ഥിരീകരിച്ച ആയിരത്തോളം കേസുകൾ ഇന്ത്യയിൽ ജനിതക ശ്രേണീകരണം വഴി കണ്ടെത്തിയിരുന്നു. വ്യാപനശേഷി കൂടുതലാണെന്നും കോവിഡ് വീണ്ടും ശക്തമായതിനു പിന്നിൽ ഈ വകഭേദങ്ങളാണെന്നും യുകെ ഉൾപ്പെടെ പരസ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും വൈറസ് വകഭേദം കോവിഡ് തീവ്രത വർധിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് ഇന്ത്യയിൽ ആരോഗ്യമന്ത്രാലയത്തിന്.

∙ ‘മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ നിരന്തരം കഴുകുക. കോവിഡിനെ അകറ്റി നിർത്തുക.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary: Covid india second spike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com