ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ്, മതപരമായ മറ്റേതെങ്കിലും മന്ദിരത്തിനു മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്നു പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) കോടതി നിർദേശിച്ചു.

വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരിയുടേതാണ് ഉത്തരവ്.

അഭിഭാഷകൻ വിജയ് ശങ്കർ രസ്തോഗിയും മറ്റു 3 പേരും നൽകിയ വ്യവഹാരങ്ങളിലാണു നടപടി. തർക്കഭൂമിയെന്നു വാദിക്കപ്പെടുന്നിടത്ത്, റവന്യു രേഖകൾ പ്രകാരം മസ്ജിദാണു സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമുള്ള മസ്ജിദ് ഭരണസമിതിയുടെ വാദം കോടതി തള്ളി.

മുഗൾ ചക്രവർത്തി ഔറംഗസിബ് 1669 ഏപ്രിൽ 18 നു നൽകിയ ഉത്തരവു പ്രകാരം ശിവക്ഷേത്രം തകർത്തശേഷം മസ്ജിദ് നിർമിച്ചെന്നാണ് 1991 ൽ ഫയൽ ചെയ്ത വ്യവഹാരങ്ങളിലെ വാദം. 12 ജ്യോതിർലിംഗങ്ങളിലൊന്നു സ്ഥിതി ചെയ്തിരുന്ന സ്ഥലം തിരികെ നൽകണമെന്നും ആവശ്യപ്പെടുന്നു.

1991 ലെ ആരാധനാസ്ഥല നിയമപ്രകാരമുള്ള വിലക്കു കാശിയിലെ തർക്കത്തിനു ബാധകമല്ലെന്നു 1997 ൽ സിവിൽ കോടതി വിധിച്ചു. ഇതിനെതിരെയുള്ള അപ്പീൽ തീർപ്പാക്കിയ റിവിഷനൽ കോടതി, കക്ഷികളിൽനിന്നു തെളിവു ശേഖരിച്ചശേഷം മാത്രം കേസ് തീർപ്പാക്കാൻ നിർദേശിച്ചു. 

നേരിട്ടുള്ള തെളിവു നൽകാൻ ഇരുപക്ഷത്തിനും സാധിക്കാത്ത സ്ഥിതിയിൽ, സത്യം കണ്ടെത്തേണ്ടതു കോടതിയുടെ ബാധ്യതയെന്നു വ്യക്തമാക്കിയാണു സർവേ നടത്താനുള്ള നിർദേശം. 

സർവേ നടത്താൻ പുരാവസ്തു ശാസ്ത്ര വിദഗ്ധരായ 5 പേരുടെ സമിതിയെ എഎസ്ഐ ഡയറക്ടർ ജനറൽ നിയോഗിക്കണം. ഇതിൽ 2 പേർ ന്യൂനപക്ഷ സമുദായത്തിൽനിന്നാവുന്നത് ഉചിതം. സമിതിയെ നിരീക്ഷിക്കാൻ ഏതെങ്കിലും കേന്ദ്ര സർവകലാശാലയിൽ നിന്നുള്ള വിദഗ്ധനെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 31നു വീണ്ടും പരിഗണിക്കും.

മസ്ജിദിലെ പ്രാർഥന തടസ്സപ്പെടുത്തരുത്

ന്യൂഡൽഹി ∙ ആർക്കിയോളജിക്കൽ പഠനം മസ്ജിദിൽ മുസ്‌ലിംകൾക്കു പ്രാർഥന നടത്തുന്നതിനു തടസ്സമാകരുതെന്നു സിവിൽ ജഡ്ജി അശുതോഷ് തിവാരി വ്യക്തമാക്കി.

സർവേ കാരണം മസ്ജിദിൽ പ്രാർഥനാസൗകര്യം നൽകുക അപ്രായോഗികമെങ്കിൽ സമീപം പകരം സൗകര്യം ഉറപ്പാക്കണം. സമിതി പഠനവിവരങ്ങൾ മാധ്യമങ്ങളോടു പറയുന്നതിനു വിലക്കുണ്ട്. 

പഠനത്തിൽ കണ്ടെത്തേണ്ട  പ്രധാന കാര്യങ്ങൾ :

∙ മസ്ജിദ് എന്തിന്റെയെങ്കിലും മുകളിലാണോ സ്ഥാപിച്ചിട്ടുള്ളത്, എന്തിനെങ്കിലും മാറ്റം വരുത്തിയോ കൂട്ടിച്ചേർത്തോ ആണോ നിർമാണം.

∙മേൽപറഞ്ഞ തരമാണു നിർമാണമെങ്കിൽ, ഇപ്പോഴുള്ള മന്ദിരത്തിന്റെ കാലപ്പഴക്കം, വലുപ്പം, രൂപകൽപനയുടെ ശൈലി, ഉപയോഗിച്ചിട്ടുള്ള നിർമാണ വസ്തുക്കൾ.

∙ മസ്ജിദ് നിർമിക്കും മുൻപ് ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നോ, എങ്കിൽ അതിന്റെ കൃത്യമായ കാലപ്പഴക്കം, വലുപ്പം, രൂപകൽപനയുടെ ശൈലി, പ്രതിഷ്ഠ.

പഠനരീതി

∙ പഠനത്തിനായി നിലവിലെ മന്ദിരത്തിന്റെ ഏതു ഭാഗത്തും പ്രവേശിക്കാം.

∙ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ അല്ലെങ്കിൽ ജിയോ–റേഡിയോളജി സംവിധാനം ഉപയോഗിക്കാം.

∙ ആവശ്യമെങ്കിൽ കിടങ്ങുകളുണ്ടാക്കാം.

∙ പുരാവസ്തുക്കൾ പരിപാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com