ADVERTISEMENT

ന്യൂഡൽഹി ∙ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദിന്റെ നിർമാണത്തെക്കുറിച്ചു പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു (എഎസ്ഐ) നിർദേശിച്ച വാരാണസി സിവിൽ കോടതി ഉത്തരവ് പുതിയ നിയമയുദ്ധത്തിനു വഴി തുറക്കുന്നു. ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് യുപി സുന്നി കേന്ദ്ര വഖഫ് ബോർഡ് പ്രസ്താവിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിൽ നിലവിലുള്ള മറ്റൊരു കേസ് ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നിർണായകമാകും. ആരാധനാസ്ഥല (പ്രത്യേക വ്യവസ്ഥ) നിയമം (1991) ചോദ്യം ചെയ്ത് ബിജെപി മുൻ വക്താവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ നൽകിയ പൊതു താൽപര്യ ഹർജിയാണിത്. ഈ കേസിൽ കഴിഞ്ഞ മാസം 12ന് കേന്ദ്ര സർക്കാരിനു കോടതി നോട്ടിസ് അയച്ചിരുന്നു.

ആരാധനാസ്ഥല നിയമം ‌

1991 സെപ്റ്റംബറിൽ, നരസിംഹ റാവു സർക്കാരിന്റെ കാലത്തു പാസാക്കിയ ഈ നിയമ പ്രകാരം ആരാധനാലയങ്ങൾക്ക് 1947 ഓഗസ്റ്റ് 15നുള്ള സ്വഭാവത്തിനു മാറ്റം വരുത്തുന്നതു നിരോധിച്ചു.പ്രാബല്യം 1991 ജൂലൈ 11 മുതൽ. രാമജന്മഭൂമി – ബാബറി മസ്ജിദ് പ്രശ്നത്തിനു മാത്രമായിരുന്നു നിയമം ബാധകമല്ലാത്തത്. ഫലത്തിൽ, ഗ്യാൻവാപി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേസുകൾക്ക് അടക്കം നിയമപരമായ വിലക്കുണ്ട്.

ഈ നിയമം പാസാക്കുന്നതിനെ ബിജെപി ശക്തമായി എതിർത്തിരുന്നു. തീർഥാടനകേന്ദ്രങ്ങൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണെന്നും ഇത്തരം നിയമമുണ്ടാക്കാൻ പാർലമെന്റിന് അധികാരമില്ലെന്നുമാണു ബിജെപി വാദിച്ചത്. എന്നാൽ, നിയമം മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യം സംരക്ഷിക്കുന്നതാണെന്ന് 2019 നവംബറിൽ അയോധ്യ കേസിലെ വിധിയിൽ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കോടതിയിലൂടെ നിയമഭേദഗതിക്കുള്ള ശ്രമമാണ് അശ്വനി ഉപാധ്യായയുടെ ഹർജിയെന്നു വിമർശനമുണ്ട്. 

Content Highlight: Kashi Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com